തൃക്കരിപ്പൂർ:ഔഷധവള്ളിച്ചെടികൾ തണൽവിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ.തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്താണ് ജൈവവൈവിദ്ധ്യ പരിപാലന സമിതിയുടേയും ഹരിത കേരള മിഷന്റെയും സഹായത്തോടെ ബസ് ഷെൽട്ടറുകളിൽ ഹരിതപന്തലുകൾ തീർക്കാനുള്ള പദ്ധതിയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ബി.എം.സി പഞ്ചായത്ത് കോഓർഡിനേറ്റർ കൂടിയായ പാരമ്പര്യ വൈദ്യൻ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലാണ് പുത്തൻ പരിസ്ഥിതിപാഠം. പ്രകൃതി ദത്തമായ കുളിർമ കാത്തിരിപ്പിന്റെ മടുപ്പ് മാറ്റുമെന്നാണ് വൈദ്യരുടെ ആശയം. രോഗ പ്രതിരോധം സസ്യങ്ങളിലൂടെ എന്ന സന്ദേശം ഉയ!*!ര്ത്തുന്ന ഈ സസ്യ സംരക്ഷണ പദ്ധതി, രോഗാണുക്കളെ അകറ്റാനുള്ള പ്രകൃതിദത്തമായ പരിഹാരം കൂടിയാണ്
രോഗ പ്രതിരോധ ശേഷി നൽകുന്ന നരയൻ പൂവ് ,ചങ്ങലംപരണ്ട, ശംഖു പുഷ്പം, ഉറിതൂക്കി, തുടങ്ങിയ നാട്ടു സസ്യങ്ങളാണ് പന്തലിനെ ഹരിതാഭമാക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്. ചൊവ്വേരി ബസ് കാത്തിരിപ്പു കേന്ദ്രത്തൽ നരയൻ പൂവിന്റെയും ചങ്ങലം പരണ്ടയുടേയും വള്ളി നട്ട് ഇതിന് തുടക്കം കുറിച്ചുകഴിഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി .ഫൌസിയയാണ് വള്ളി നട്ട് പദ്ധതിക്ക് തുടക്കമിട്ടത്. ഇവയുടെ വള്ളികൾ പടർന്നു പന്തലിക്കുന്നതോടൊപ്പം ശംഖുപുഷ്പവും ഉറിതൂക്കിയും കൂടി പടർന്നെത്തും. ഔഷധ സമൃദ്ധമായ ഈ പന്തൽ ജനങ്ങളുടെ ആരോഗ്യത്തിനും ഏറെ ഗുണപ്രദമാകും.
ത്വക്ക് രോഗത്തിന് ഉത്തമമായ നരയൻപൂ, നടുവേദന സംഹാരിയായ ചങ്ങലംപരണ്ട, ബുദ്ധി ശക്തി വർദ്ധിപ്പിക്കുന്ന ശംഖുപുഷ്പം, വിഷ ചികിത്സക്ക് പ്രസിദ്ധമായ ഉറിതൂക്കി തുടങ്ങിയ ചെടികളെ നട്ടു സംരക്ഷിക്കുന്ന മഹനീയ മാതൃക കൂടിയാണ് ഇത്. പഞ്ചായത്തിലെ 30 ഓളം ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഇപ്രകാരം ജൈവ പന്തലുകൾ തീർക്കുന്നതിന് ലക്ഷ്യമിടുന്നു. മുഴുവൻ ഭരണസമിതി അംഗങ്ങൾക്കും പ്ലാശ് മരത്തിന്റെ തൈ വീട്ടു പറമ്പിൽ നട്ടു പിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും പഞ്ചായത്തിൽ തുടങ്ങിയിട്ടുണ്ട്. പ്ലാശിൻ പൂക്കൾക്ക് കൊതുകുകളെ ആകർഷിച്ചു നശിപ്പിക്കുന്നതിനുള്ള ശേഷിയുണ്ടെന്നാണ് പാരമ്പര്യവൈദ്യന്മാരുടെ കണ്ടെത്തൽ.