കൂത്തുപറമ്പ്: മറ്റുള്ളവർ വലിച്ചെറിയുന്ന കുപ്പികളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച് ശ്രദ്ധേയനാവുകയാണ് ആമ്പിലാട് വാക്കുമ്മലിലെ ദിപിൻ പ്രദീപ്. വടക്കെമലബാറിലെ തെയ്യങ്ങളും, ഇതിഹാസ കഥാപാത്രങ്ങളുമാണ് ദിപിന്റെ രചനകളിലേറെയും.

ലോക്ക് ഡൗൺ കാലയളവാണ് ദിപിനിലെ പ്രതിഭയെ ഉണർത്തിയത്. വാക്കുമ്മലിലെ ദിപിൻ നിവാസിലെത്തിയവർ ആദ്യമൊന്ന് അമ്പരക്കും. ഏതോ ആർട്ട് ഗാലറിയിലെത്തിയ പ്രതീതിയാണ് വീടിന്റെ അകത്തളങ്ങളിൽ. വിവിധ വർണ്ണങ്ങളിലുള്ള ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ചുവരുകളാകെ. കുപ്പികൾക്കുപുറമെ ചിരട്ട, കളിമണ്ണ്, ഈർക്കിൾ എന്നിവയയും ചിത്രരചനയ്ക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്.

മ്യൂറൽ പെയിന്റിംഗ്, അക്രിലിക് എന്നിവ ഉപയോഗിച്ചാണ് ചിത്രരചനകളിലേറെയും. കഥകളി, തെയ്യങ്ങൾ, ആലിൻ ചുവട്ടിൽ പ്രാർത്ഥിക്കുന്ന ബുദ്ധൻ, പരമശിവൻ, കൃഷ്ണനും രാധയുമെല്ലാം കുപ്പികളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. പഠനത്തിനിടയിലുള്ള ഒഴിവുസമയങ്ങളാണ് ചിത്രരചനയ്ക്ക് തിരഞ്ഞെടുക്കുന്നതെന്ന് ദിപിൻ പറഞ്ഞു. ചെറുപ്പത്തിലെ കലാ അഭിരുചിയുള്ള ദിപിൻ കൂത്തുപറമ്പ് മലയാള കലാനിലയത്തിലൂടെയാണ് ചിത്രരചന അഭ്യസിക്കുന്നത്. നേരത്തെ ചിത്രങ്ങൾ വരക്കാറുണ്ടെങ്കിലും ലോക് ഡൗൺവേളയിലാണ് മുഴുവൻ സമയ ചിത്രകാരനായി മാറിയത്. അതോടൊപ്പം വിവിധ കലാ ട്രൂപ്പുകളിൽ ഡ്രംസ്, ചെണ്ട എന്നിവയും അവതരിപ്പിക്കാറുണ്ട്. വാക്കുമ്മലിലെ പ്രദീപൻ - ദീപ ദമ്പതികളുടെ മകനാണ്. സഹോദരൻ ദിജിനും കലാകാരനാണ്.