കാഞ്ഞങ്ങാട്: കൗതുകത്തിന് വീട്ടുമുറ്റത്തെ അഞ്ചുസെന്റിൽ തുടങ്ങിയ നെൽക്കൃഷി. അതിൽ നിന്ന് കിട്ടിയ വിത്ത് ഉപയോഗിച്ച് അയൽവാസി നൽകിയ പത്തുസെന്റിൽ വീണ്ടും കൃഷിയിറക്കി.പതിനൊന്ന് വയസുള്ള നിവേദിന്റെ നെൽക്കൃഷി കണ്ടവരെല്ലാം അഭിനന്ദിക്കുകയാണ്.
കരിച്ചേരി ഗവ: യു.പി സ്‌കൂൾ ഏഴാം തരം വിദ്യാർത്ഥി നിവേദ് കൃഷ്ണനാണ് ഈ കൊച്ചുകർഷകൻ. വീടിന് മുന്നിൽ കഴിഞ്ഞ തവണ കരനെല്ലിൽ നൂറ് മേനി വിളഞ്ഞതാണ് കുട്ടിക്ക് ഇതിനോട് താൽപര്യമേറിയതിന് കാരണം. വീട്ടുകാരും ഇതോടെ പ്രോത്സാഹിപ്പിച്ചു.പാടത്തേക്ക് ട്രാക്ടർ പോകാൻ സൗകര്യം ഇല്ലാത്തതിനാൽ കൈക്കോട്ട് കൊണ്ട് കിളച്ചു മറിച്ചാണ് കൃഷിയിറക്കിയത്. കരിച്ചേരി ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരി പ്രസന്നകുമാരിയുടെയും പ്രവാസിയായ കുഞ്ഞിക്കണ്ണന്റെയും ഇളയമകനാണ് നിവേദ്.