കണ്ണൂർ : കൊവിഡ് മൂലം വിദ്യാലയങ്ങൾ തുറക്കാത്തതിനെ തുടർന്ന് കണ്ണൂർ,കാസർകോട് ജില്ലകളിലായുള്ള 200 ഓളം സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ നിയമനമില്ലാതെ കടുത്ത പ്രയാസത്തിൽ. ജോലിയും കൂലിയുമില്ലാത്ത സാഹചര്യത്തിൽ എന്തുചെയ്യണമെന്നാണ് ഇവരുടെ ചോദ്യം.
കൊവിഡ് വ്യാപനം അവസാനിച്ചാൽ പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ പറയുമ്പോഴും ഇവർക്ക് വിശ്വാസമില്ല.പൊതുവിദ്യാലയങ്ങളിൽ കലാകായിക, പ്രവൃത്തി പരിചയ വിഷയങ്ങളാണ് ഇവർ പഠിപ്പിക്കുന്നത്. സമഗ്ര ശിക്ഷ കേരള മുഖേന ജൂൺ ഒന്നു മുതൽ നടത്തേണ്ട നിയമനം കൊവിഡ് പശ്ചാത്തലത്തിൽ മുടങ്ങിയതാണ് സ്പെഷലിസ്റ്റ് അദ്ധ്യാപകർക്കു വിനയായത്.വേതനം മുടങ്ങിയ ഇവരും കുടുംബാംഗങ്ങളും ദൈനംദിന ജീവിതത്തിനു പ്രയാസപ്പെടുകയാണ്. ഇടക്കാല ആശ്വാസം അനുവദിക്കണമെന്ന ആവശ്യവും വിദ്യാഭ്യാസവകുപ്പ് ചെവിക്കൊണ്ടിട്ടില്ല.
നിയമനം 2016ൽ
കേന്ദ്രാവിഷ്കൃത സർവശിക്ഷ അഭിയാനിനു കീഴിൽ 2016 ഡിസംബറിലാണ് സംസ്ഥാനത്തു ആദ്യമായി പൊതുവിദ്യാലയങ്ങളിൽ സ്പെഷലിസ്റ്റ് അദ്ധ്യാപകരെ നിയമിച്ചത്. അദ്ധ്യയനവർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിലായിരുന്നു നിയമനം. 28,000 രൂപയായിരുന്നു പ്രതിമാസ വേതനം.