കാസർകോട്: സി.പി.എം പ്രവർത്തകൻ കുമ്പള ശാന്തിപ്പള്ളത്തെ പി. മുരളിയെ (35) കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ ഹാജരാകാതിരുന്നതിനെ തുടർന്ന് വിധി പറയുന്നത് 23ലേക്ക് മാറ്റിവെച്ചു. ഇന്നലെയാണ് ജില്ലാ അഡീഷണൽ സെഷൻസ്(രണ്ട്) കോടതി ഈ കേസിൽ വിധി പറയേണ്ടിയിരുന്നത്.
കേസിൽ മൊത്തം എട്ടുപ്രതികളാണുള്ളത്. ആറുപ്രതികൾ മാത്രമാണ് ഇന്നലെ കോടതിയിൽ ഹാജരായത്. പ്രതികളെല്ലാം ബി.ജെ.പി പ്രവർത്തകരാണ്. 2017 ഒക്ടോബർ 17ന് വൈകിട്ട് അഞ്ച് മണിയോടെ സീതാംഗോളി അപ്സര മില്ലിനടുത്താണ് സംഭവം. മുരളി സഞ്ചരിച്ച ഓട്ടോറിക്ഷ ശരത് രാജിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും മുരളിയെ മാരകായുധങ്ങളുമായി അക്രമിക്കുകയുമായിരുന്നു. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ മുരളിയെ കുമ്പള സഹകരണാസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ശരത് രാജിനെയും ദിനേശിനെയും കൂടാതെ വരദരാജ്, മിഥുൻകുമാർ, നിധിൻരാജ്, കിരൺകുമാർ, മഹേഷ്, അജിത്കുമാർ എന്നിവരാണ് മറ്റ് പ്രതികൾ. 23ന് ശരതും ദിനേശും മാത്രം ഹാജരായാൽ മതിയെന്നും മറ്റ് പ്രതികൾ ഹാജരാകേണ്ടതില്ലെന്നുമാണ് കോടതിനിർദ്ദേശം.