മാഹി: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന മാഹിയിലെ എ.പി.എൽ കാർഡുടമകൾക്ക് പുതുച്ചേരി സർക്കാറിന്റെ സൗജന്യ അരി വിതരണം നടത്താതിരുന്ന നിയന്ത്രിത മേഖലയിലെ മൂന്നോളം കേന്ദ്രങ്ങളിൽ ഇന്ന് മുതൽ 15 വരെ നടത്തും.
റേഷൻ കാർഡ് നമ്പറിന്റെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയാണ് വിതരണം. റേഷൻ കാർഡിൽ ഉൾപ്പെട്ടയാൾ റേഷൻ കാർഡും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും സഹിതം അരി വാങ്ങാനുള്ള സഞ്ചിയുമായി എത്തേണ്ടതാണ്. സർക്കാർ ജീവനക്കാരൊഴികെയുള്ള എ.പി.എൽ കാർഡുകൾക്കു മാത്രമാണ് അരി നൽകുന്നത്.10 കിലോ വീതം രണ്ടു മാസത്തെ 20 കിലോ അരിയാണ് ഇപ്പോൾ വിതരണം ചെയ്യുക.
ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവ. മിഡിൽ സ്‌കൂൾ (റേഷൻ ഷോപ്പ് നമ്പർ 8,17) പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ (റേഷൻ ഷോപ്പ് നമ്പർ 9), കൊയ്യോട്ടുതെരു ആലി ഇംഗ്ലീഷ് മിഡിയം ഹൈസ്‌കൂൾ (റേഷൻ ഷോപ്പ് നമ്പർ 11,12) എന്നിവിടങ്ങളിൽ നിന്നാണ് അരിവിതരണം.
ഇന്നു രാവിലെ 9 മുതൽ 1 മണി വരെ പൂജ്യം അക്കത്തിലും ഉച്ച 2 മുതൽ 6 മണി വരെ ഒന്ന് അക്കത്തിലും നാളെ രാവിലെ രണ്ട് അക്കത്തിലും ഉച്ചയ്ക്കുശേഷം മൂന്ന് അക്കത്തിലും 13 ന് രാവിലെ നാല് അക്കത്തിലും ഉച്ചയ്ക്ക് അഞ്ച് അക്കത്തിലും 14 ന് രാവിലെ ആറ് അക്കത്തിലും ഉച്ചയ്ക്ക് ഏഴ് അക്കത്തിലും 15ന് രാവിലെ എട്ട് അക്കത്തിലും ഉച്ചയ്ക്ക് ഒമ്പത് അക്കത്തിലും അവസാനിക്കുന്ന റേഷൻ കാർഡുകൾക്കാണ് വിതരണം നടക്കുകയെന്ന് മാഹി റീജണൽ അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മ അറിയിച്ചു.