മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് അപ്രോച്ച് ലൈറ്റ് നിർമിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അനുവദിച്ച പുനരധിവാസഭൂമി കാടുകയറുന്നു.11.6 ഏക്കർ സ്ഥലമാണ് വിമാനത്താവളത്തിന് കാറ്റഗറി വൺ അപ്രോച്ച് ലൈറ്റ് നിർമിക്കാൻവേണ്ടി മൂന്ന് വർഷം മുമ്പ് ഏറ്റെടുത്തത്. മട്ടന്നൂർ നഗരത്തിനോട് ചേർന്ന സ്ഥലമായതിനാലാണ് കൊക്കയിലിലെ ഭൂമി സ്വീകരിക്കാൻ തയ്യാറായവർ അധികൃതരുടെ അനാസ്ഥമൂലം വിഷമവൃത്തത്തിലായിരിക്കുകയാണ്.
2017 മേയ് മൂന്നിനാണ് ലൈറ്റ് അപ്രോച്ചിനായി കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സ്ഥലത്തിന്റെ വില നിശ്ചയിച്ച് നൽകിയത്. തുടർന്ന് നഗരസഭാ ഓഫീസിൽവച്ച് നറുക്കെടുപ്പിലൂടെ കൊക്കയിലിൽ പുനരധിവാസ ഭൂമിയും ഓരോരുത്തർക്കും നൽകി. എന്നാൽ സ്ഥലം ഇവരുടെ പേരിൽ ഇതുവരെ രജിസ്റ്റർ ചെയ്തുനൽകിയിട്ടില്ല. ഇവിടേക്ക് റോഡ് നിർമാണത്തിനായി 98 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും തുടർനടപടിയുണ്ടായില്ല.വിഷയം ചൂണ്ടിക്കാട്ടി കളക്ടർക്ക് ഉൾപ്പടെ പലതവണ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
പുനരധിവസിപ്പിക്കണം പാമ്പുകളെയും
കാടുപിടിച്ചുകിടക്കുന്ന സ്ഥലം പാമ്പുകളുടെയും മറ്റും താവളമായി മാറി സമീപവാസികൾക്ക് ഭീഷണിയാകുന്നതായും പരാതി ഉയരുന്നുണ്ട്. നഗരസഭയിലെ കൊക്കയിലിലാണ് വായന്തോട്, പാറാപ്പൊയിൽ ഭാഗങ്ങളിൽനിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന 57 കുടുംബങ്ങൾക്ക് സ്ഥലം അനുവദിച്ചത്. ഇവിടേക്ക് എത്തിപ്പെടാനുള്ള റോഡ് പോലും ഇതുവരെയായി നിർമിച്ചിട്ടില്ല.
ഭൂമി കിട്ടാതെ ഒഴിയില്ല
പുനരധിവാസഭൂമിയിൽ അടിസ്ഥാനസൗകര്യങ്ങൾ നൽകാതെ വീടും സ്ഥലവും ഒഴിയില്ലെന്ന നിലപാടിലാണ് കുടിയൊഴിപ്പിക്കപ്പെടുന്ന വീട്ടുകാർ.ഏറ്റെടുത്ത സ്ഥലത്തെ കാട് വെട്ടിത്തെളിച്ച് റോഡടക്കം സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കൊക്കയിൽ നൻമ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടർക്കും കിൻഫ്രക്കും നിവേദനം നൽകി.
അളന്നുകിട്ടണം
11.6 ഏക്കർ
57പേർക്ക്