app
എൻ ഗ്രാം ആപ്

കതിരൂർ :തദ്ദേശ സ്ഥാപനങ്ങളിൽ ഗ്രാമസഭകളിൽ നടക്കുന്ന ചർച്ചയിലൂടെയാണ് സാധാരണ ഉപകാരപ്രദമായ പദ്ധതികളെകുറിച്ചും തീരുമാനങ്ങളെകുറിച്ചും ജനങ്ങൾ അറിയാറുള്ളത്. എന്നാൽ ഈ കൊവിഡ് കാലത്ത് അതൊന്നും നടക്കില്ല. കാര്യങ്ങൾ അറിയാതിരിക്കാനും പറ്റില്ല. ഈ പ്രതിസന്ധി പരിഹരിക്കാനായി എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഒരു വഴി കണ്ടെത്തി. സ്വന്തമായി ഒരു മൊബൈൽ ആപ്.

അങ്ങനെയാണ് 'എൻ ഗ്രാമം' എന്ന മൊബൈൽ ആപ് പ്രവർത്തനം തുടങ്ങിയത്. പഞ്ചായത്തിലെ ഏതൊരാളും അറിയേണ്ട കാര്യങ്ങൾ ഉൾക്കൊള്ളിച്ച മൊബൈൽ ആപ്ലിക്കേഷനാണിത്. ഇതിൽ പഞ്ചായത്തിലെ പദ്ധതികളും അറിയിപ്പുകളും എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്ലേ സ്റ്റോറിൽ നിന്ന് എൻ ഗ്രാമം എന്ന ആപ്പ് ഡൗൺ ലോഡ് ചെയ്താൽ പഞ്ചായത്തിന്റെ വിവരങ്ങളെല്ലാം വിരൽത്തുമ്പിൽ എത്തും.
2020​-21 ലെ വാർഷിക പദ്ധതികൾക്ക് അംഗീകാരം ലഭിച്ചസമയമാണ്. ജനം അറിയുകയും അപേക്ഷിക്കുകയും ചെയ്യേണ്ടതും ഇപ്പോഴാണ്. കാർഷിക അനുബന്ധ പദ്ധതികളുടെ ഗുണഭോക്തൃ അപേക്ഷകൾ സ്വീകരിക്കാൻ പുതിയ മാർഗങ്ങൾ തേടാമെന്ന് സർക്കാർ ഉത്തരവുള്ളതിനാൽ ആപ്പ് വികസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

നികുതികളൊടുക്കാം, നമ്പറുകൾ തേടാം

കെട്ടിട നികുതി, ഭൂനികുതി, കറന്റ് ബിൽ വാട്ടർ ബിൽ എന്നിവ അടയ്ക്കാനാകും. കൂടാതെ പഞ്ചായത്തിലെ തൊഴിലാളികളുടെ , ഫോൺ നമ്പറടങ്ങുന്ന ലേബർ ബാങ്ക് കൂടി ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് വഴി തെങ്ങു കയറാനും മരം മുറിക്കാനുമൊക്കെ ഒരു ഫോൺ കോൾ അകലെ ആളുകൾ റെഡി ആണ്. ഓട്ടോ ഡ്രൈവർമാരുടെയും ലോറി ഡ്രൈവർമാരുടെയുമെല്ലാം നമ്പറുകളും ഈ ആപ്പിൽ ലഭ്യമാണ്.

ഈ കൊവിഡ് കാലത്ത് സാമൂഹിക അകലവും കടുത്ത നിയന്ത്രണങ്ങളും നിലനിൽക്കുമ്പോൾ ആർക്കും തടസം ഉണ്ടാകരുതെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ആലോചനയിലാണ് എൻ ഗ്രാമം വികസിപ്പിച്ചത്-
എ..കെ.. രമ്യ :
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എരഞ്ഞോളി