കണ്ണൂർ: ജില്ലയിലെ 11 തദ്ദേശ സ്വയംഭരണ വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷനിലെ 34ാം ഡിവിഷനും മലപ്പട്ടം 5, പാട്യം 7, പെരളശ്ശേരി 1, ന്യൂ മാഹി 4, പായം 2, അഞ്ചരക്കണ്ടി 9, മാങ്ങാട്ടിടം 17, ശ്രീകണ്ഠാപുരം 2, മുണ്ടേരി 7, പയ്യന്നൂർ 3 എന്നീ വാർഡുകളുമാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായത്.

കരുതലിന് സ്വകാര്യ മേഖലയിൽ 700 കിടക്കകൾ സജ്ജമാക്കും
കണ്ണൂർ:കൊവിഡ് ചികിത്സക്ക് കരുതൽ സംവിധാനമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ 700 കിടക്കകൾ സജ്ജമാക്കാൻ മന്ത്രി ഇ പി ജയരാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വകാര്യ ആശുപത്രി ഉടമകളുടെയും ഐ.എം.എ പ്രതിനിധികളുടെയും യോഗത്തിൽ തീരുമാനം. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും കൊവിഡ് ചികിത്സക്ക് ആവശ്യമായി വരുന്ന പക്ഷം വിട്ടുനൽകാൻ കഴിയുന്ന കിടക്കകളുടെയും വെന്റിലേറ്റർ ഉൾപ്പെടെയുള്ള മറ്റ് സംവിധാനങ്ങളുടെയും പട്ടിക തയ്യാറാക്കി ജില്ലാ മെഡിക്കൽ ഓഫീസർ വഴി ജില്ലാ കളക്ടർക്ക് ഒരാഴ്ചക്കകം നൽകണം.
നിലവിൽ ജില്ലയിൽ സർക്കാർ കൊവിഡ് ചികിത്സാ കേന്ദ്രമായി പ്രവർത്തിക്കുന്ന നാല് ആശുപത്രികളിലായി 984 കിടക്കകളാണ് ഉള്ളത്.