കണ്ണൂർ: ലോക്ക് ഡൗൺ പ്രഖ്യാപനത്തിനു ശേഷം ജീവിതം വഴിമുട്ടി ഭിന്നശേഷിക്കാർ. മറ്റു വരുമാനമൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന ഇവർക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമാശ്വാസ തുകയൊന്നും അനുവദിച്ചിട്ടില്ല. കേന്ദ്ര സർക്കാർ 1000 രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ

കിട്ടിയിട്ടുമില്ല.

സംസ്ഥാന സർക്കാറിന്റെ 1300 രൂപ പെൻഷൻ ലഭിക്കുന്നുണ്ടെെങ്കിലും ഏപ്രിൽ മാസം വരെയുള്ള തുക മാത്രമാണ് നിലവിൽ ലഭിച്ചത്. രണ്ട് മാസത്തെ തുക ഇതുവരെ കിട്ടിയിട്ടില്ല. ഒാണം, വിഷു എന്നിവയോടടുത്താണ് പെൻഷൻ തുക കിട്ടാറുള്ളതെന്നും ഈ രീതി മാറ്റി മാസത്തിൽ ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ജില്ലയിലെ 80,000 ന് അടത്തുവരുന്ന ഭിന്നശേഷിക്കാരിൽ 40,000 പേരും മറ്റ് വരുമാനമൊന്നുമില്ലാതെ വീട്ടിലിരിക്കുകയാണ്. ഇവരിൽ പലരും ലോട്ടറി വിറ്റും ചെറുകിട കുടിൽ വ്യവസായം നടത്തിയുമെല്ലാമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലോട്ടറി വിറ്റും കച്ചവടം നടത്തിയും മുന്നോട്ടുപോകാൻ പറ്റാത്ത സ്ഥിതിയിലാണ് ഇവർ. അതേസമയം സർക്കാർ ജീവനക്കാരായ ഭിന്നശേഷിക്കാർക്ക് കൺവെയൻസ് അലവൻസ് ആയി ലഭിക്കേണ്ട 1000 രൂപ പലർക്കും ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുയരുന്നുണ്ട്. നിയമപ്രകാരം 40 ശതമാനം മുതൽ വൈകല്യമുള്ളവർക്കാണ് ഇതുനൽകി വരുന്നത്. എന്നാൽ നൂറ് ശതമാനം വൈകല്യം തന്നെ വേണമെന്ന ചില ഹെൽത്ത് ഇൻസ്പെകടർമാരുടെ നിലപാടിൽ അർഹതപ്പെട്ട പലരും തഴയപ്പെടുകയാണെന്നും ആരോപണമുണ്ട്.

യാത്രാ ആനുകൂല്യം

വാർഷിക വരുമാനം 15,000 ൽ താഴെയുള്ളവർക്ക് മാത്രമാണ് കെ.എസ്.ആർ.ടി.സി യിലുള്ള യാത്രാ ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ പെൻഷൻ തുക 15,000 ൽ അധികമായതിനാൽ ഭൂരിഭാഗം പേർക്കും അപേക്ഷ നൽകാൻ സാധിക്കുന്നില്ല. അതിനാൽ 1968ൽ നിലിവിൽ വന്ന ഈ നിയമം മാറ്റി വരുമാന പരിധി ഉയർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ആവശ്യങ്ങൾ ഇവയും

പ്രത്യേക പാക്കേജ് അനുവദിക്കുക

ബി.പി.എൽ കാർഡിൽ ഉൾപ്പെട്ട 80 ശതമാനം ഭിന്നശേഷിക്കാർക്ക് കൊടുക്കുന്ന 300 രൂപ വർധിപ്പിച്ച് മുഴുവൻ പേർക്കും നൽകുക

വാഹനങ്ങൾക്ക് ഇന്ധന സബ്സിഡി അനുവദിക്കുക

ജില്ലയിൽ ഭിന്നശേഷിക്കാർ 80,000

ലോക്ക് ഡൗണിന് ശേഷം ഭിന്നശേഷിക്കാരുടെ ജീവിതം വലിയ പ്രതിസന്ധിയിലാണ്. ലോട്ടറി വിറ്റും മറ്റ് ഉത്പന്നങ്ങൾ ഉണ്ടാക്കി വിറ്റും ജീവിച്ചവർക്ക് അതൊന്നും തുടരാൻ പറ്റാത്ത സാഹചര്യമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവശ്യമായ നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണം

പി. ജയകുമാർ, ജില്ലാ സെക്രട്ടറി, ഡിഫറൻലി ഏബിൾഡ്

പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ