പഴയങ്ങാടി: മാടായി പഞ്ചായത്തിലെ ബീച്ച്റോഡ് നീരൊഴുക്കുംചാലിൽ വീട്ടിലേക്ക് ഒളിഞ്ഞുനോക്കി എന്നാരോപിച്ച് യുവാവിന് ക്രൂര മർദ്ദനം. നീരൊഴുക്കുംചാലിലെ ബെഞ്ചമി (32)നാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ടോടെയാണ് സംഭവം. യുവാവ് തന്റെ വീടിന്റെ ടെറസിൽ നിന്ന് അടുത്ത വീട്ടിലെ സ്ത്രീയെ ഒളിഞ്ഞു നോക്കി എന്നാരോപിച്ച് പത്തോളം വരുന്ന ആളുകളാണ് മർദ്ദിച്ചത്. യുവാവിന്റെ വീടിനുമുന്നിൽ സ്ഥാപിച്ച ഇരിപ്പിടവുമായി ബന്ധപ്പെട്ട് ചിലരുമായി തർക്കം നിലനിൽക്കുന്നുണ്ട്. ഇതിന്റെ വൈരാഗ്യത്തിൽ ആണ് മർദ്ദിച്ചതെന്നാണ് യുവാവ് പറയുന്നത്. യുവാവിന്റെ പരാതിയിൽ പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.