madakkara
ചെറുവത്തൂർ മടക്കര തുറമുഖത്തെ തിരക്ക്

ചെറുവത്തൂർ: കാസർകോട്ടെ പ്രധാന മത്സ്യബന്ധനതുറമുഖമായ മടക്കരയിൽ കൊവിഡിനെ വെല്ലുവിളിച്ച് കൂട്ടംചേരലും ഇടപെടലും. മത്സ്യതൊഴിലാളികളും ഇടനിലക്കാരും മീൻ വാങ്ങാനെത്തുന്നവരുമെല്ലാമായി കൂട്ടംകൂടി അപകടകരമായ അന്തരീക്ഷമാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നതെന്ന് നാട്ടുകാർ തന്നെ പരാതിപ്പെടുകയാണ്.

രാവിലെ മീനുമായി കടലിൽ നിന്നുമെത്തുന്ന ഓടങ്ങൾ എത്തുന്നതോടെയാണ് ഇവിടെ തിക്കും തിരക്കും അനുഭവപ്പെടുന്നത്. മാസ്ക് പോലുമില്ലാതെയാണ് പലരും തുറമുഖത്തെത്തുന്നത്. കൊവിഡ് ഭീതി കാരണം മത്സ്യ മാർക്കറ്റുകൾ അടച്ചിട്ടതോടെയാണ് തുറമുഖത്ത് ജനക്കൂട്ടം രൂപപ്പെടാൻ ഒരു കാരണമായത്.

രണ്ടു ദിവസങ്ങളായി ചെറിയ തോതിൽ ചെമ്മീൻ ചാകര പ്രത്യക്ഷപ്പെട്ടത് അന്യജില്ലകളിൽ നിന്നുള്ള തോണികൾ ഇവിടെയെത്താൻ ഇടയാക്കി. തുറമുഖത്തെ തിരക്ക് നിയന്ത്രിച്ച് അപകടമൊഴിവാക്കിത്തരണമെന്ന ആവശ്യവുമായി തദ്ദേശവാസികൾ രംഗത്തിറങ്ങിയിട്ടുണ്ട്.