പയ്യന്നൂർ: മണ്ഡലത്തിൽ കഴിഞ്ഞ എസ്.എസ്.എൽ.സി.പരീക്ഷയിലും എൻ.എം.എം.എസ്. സ്കോളർഷിപ്പ് ലഭ്യതയിലും വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ചതായി, സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ഇൻസൈറ്റിന്റെ നേതൃത്വത്തിൽ നടന്ന മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രിൻസിപ്പാൾമാരുടേയും പ്രധാനാദ്ധ്യാപകരുടേയും യോഗം വിലയിരുത്തി.

ഈ വർഷം മണ്ഡലത്തിലെ 15 ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നായി 59 കുട്ടികളാണ് എൻ.എം.എം.എസ്. സ്കോളർഷിപ്പിന് അർഹത നേടിയത്. ആദ്യമായാണ് ഇത്രയും കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കാണ് എൻ.എം.എം.എസ് സ്കോളർഷിപ്പിന് അർഹതയുള്ളത്. പ്രതിമാസം 1000 രൂപ നിരക്കിൽ തുടർന്നുള്ള 4 വർഷക്കാലം ( 9 മുതൽ പ്ലസ് ടു ക്ലാസ് വരെ) സ്കോളർഷിപ്പ് ലഭിക്കും.

ഓൺലൈൻ ക്ലാസ്, പാഠപുസ്തക വിതരണം, കുട്ടികൾക്കുള്ള സംസ്ഥാന സർക്കാറിന്റെ കിറ്റ് വിതരണം എന്നിവയുടെ പരിശോധനയും അവലോകനവും യോഗത്തിൽ നടന്നു.

കൊവിഡ് രോഗ പശ്ചാത്തലത്തിൽ കുട്ടികൾക്ക് ഉപരിപഠനം തിരഞ്ഞെടുക്കുന്നതിന് മാർഗ്ഗ നിർദ്ദേശം നൽകുന്നതിനായി ഇൻസൈറ്റിന്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തുo. 14 ന് രാത്രി 7.30 ന് ഓൺലൈൻ ആയി നടത്തുന്ന ക്ലാസിൽ കരിയർ കൺസൾട്ടന്റ് ഡോ. ടി.പി. സേതുമാധവൻ ക്ലാസ്സ് കൈകാര്യം ചെയ്യും.

ഓൺലൈനായി നടന്ന യോഗത്തിൽ സി. കൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ. ഭരതൻ , ബി.പി.ഒ. പ്രകാശൻ, ഡയറ്റ് ഫാക്കൽറ്റി രാഗേഷ്, ഇൻസൈറ്റ് കൺവീനർ പി. സുഗുണൻ, ടി.വി. വിനോദ് കുമാർ, സുഗതൻ, പി. ചന്ദ്രൻ, ടി.എസ്. ഉണ്ണി, ട്രീസ എന്നിവർ സംസാരിച്ചു.