കണ്ണൂർ:ജില്ലയിൽ നടക്കുന്ന പ്രതിഷേധ സമരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ടായിരിക്കണമെന്ന് ജില്ലാ കളക്ടർ ടി വി സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം അഭ്യർഥിച്ചു. നാട് കൊവിഡ് വ്യാപന ഭീതിയിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. റിവേഴ്സ് ക്വാറന്റീനിൽ കഴിയേണ്ട പ്രായമായവർ പോലും സാമൂഹ്യ അകലം, മാസ്‌ക്ക് ധാരണം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തെരുവുകളിൽ ഇറങ്ങുന്നതായാണ് കാണുന്നത്. ഇത് സമരത്തിൽ പങ്കെടുക്കുന്നവരുടെയും മറ്റുള്ള ജനങ്ങളുടെയും ആരോഗ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യോഗം വിലയിരുത്തി.

മെഡിക്കൽ കോളേജിൽ ഒരു പരിശോധന ഉപകരണം കൂടി
ജില്ലയിൽ സാമ്പിൾ പരിശോധനയുടെ തോത് വർധിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഒരു പരിശോധനാ ഉപകരണം കൂടി സജ്ജമാക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ അറിയിച്ചു. ജില്ലയിലെ ചില തീരങ്ങളിൽ അനധികൃതമായി പുറത്തുനിന്നുള്ള മൽസ്യബന്ധന ബോട്ടുകളെത്തി വ്യാപാരം നടത്തുന്നതായും ഇവിടങ്ങളിൽ വലിയ ആൾക്കൂട്ടം ഉണ്ടാവുന്നതായും ശ്രദ്ധയിൽപ്പെട്ടതായും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ തഹസിൽദാർമാർക്കും പോലിസിനും മന്ത്രി നിർദ്ദേശം നൽകി.