ksd-mg-road
പടം കാസർകോട് എം ജി റോഡിൽ മാർക്കറ്റിലേക്കുള്ള റോഡ് അടച്ചു പൊലീസ് കാവൽ ഏർപ്പെടുത്തിയപ്പോൾ

കാസർകോട് :സമ്പർക്കത്തിലുള്ള കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ കാസർകോട് ഭാഗങ്ങളിൽ ഭാഗികമായി ലോക്ക് ഡൗൺ ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായി. ഇതിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ പ്രധാനപ്പെട്ട പച്ചക്കറി, മൽസ്യ മാർക്കറ്റുകൾ പൊലീസ് അടച്ചുപൂട്ടി. മംഗളുരുവിൽ നിന്ന് വരുന്ന പച്ചക്കറി, മൽസ്യ വാഹനങ്ങളിലെ ജീവനക്കാരിൽ നിന്ന് രോഗം പകരാൻ സാധ്യത ഉണ്ടെന്ന് കണ്ടതിനാലാണ് മാർക്കറ്റുകൾ അടച്ചത്.

പച്ചക്കറി, മീൻ വില്പന കടകളിൽ ജോലി ചെയ്യുന്ന അഞ്ചു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നഗരങ്ങളിലെ മാർക്കറ്റ് പ്രദേശങ്ങളിലുള്ള മുഴുവൻ കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടിയ പൊലീസ് കർശനമായ കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ടൗണിൽ എം ജി റോഡിൽ നിന്ന് പച്ചക്കറി മാർക്കറ്റിലേക്കും ഫിഷ് മാർക്കറ്റിലേക്കും പോകുന്ന വഴി പൂർണമായും അടച്ചിട്ടുണ്ട്. പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥരെ ഈ ഭാഗങ്ങളിൽ ഡ്യുട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ചെർക്കള ടൗണിലും കൂടുതൽ പൊലീസുകാരെ നിയോഗിച്ചു.

കാലിക്കടവ് ഫിഷ് വെജിറ്റബിൾ മാർക്കറ്റ്, ചെർക്കള ടൗൺ ഏരിയ, കാഞ്ഞങ്ങാട് ഫിഷ് മാർക്കറ്റ്, കാഞ്ഞങ്ങാട് വെജിറ്റബിൾ മാർക്കറ്റ്, തൃക്കരിപ്പൂർ ഫിഷ്, മീറ്റ് മാർക്കറ്റ് , നിലേശ്വരം ഫിഷ് മാർക്കറ്റ്, കാസർകോട് ഫിഷ് മാർക്കറ്റ് ആൻഡ് വെജിറ്റബിൾ മാർക്കറ്റ്, കുമ്പള ഫിഷ് ആൻഡ് വെജിറ്റബിൾ മാർക്കറ്റ്, കുഞ്ചത്തൂർ മാട ഫിഷ് മാർക്കറ്റ് , ഉപ്പള ഫിഷ് മാർക്കറ്റ് , ഉപ്പള ഹനഫി ബസാർ പച്ചക്കറിക്കട, മജീർപള്ള മാർക്കറ്റ് എന്നീ പ്രദേശങ്ങളിലാണ് അടച്ചുപൂട്ടൽ നടപ്പിലാക്കിയത്. കടകളിൽ നിന്നും എത്രപേർക്ക് കൊവിഡ് വൈറസ് ബാധ കിട്ടിയിട്ടുണ്ട് എന്ന് കൃത്യമായി കണക്കാക്കുന്നതിനും ഇവിടെ നിന്ന് ഇനി ഒരാൾക്ക് പോലും സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാനും വേണ്ടിയാണ് ഈ ഉത്തരവ്.

സമ്പർക്കത്തിലൂടെ രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ജൂലായ് 17 വരെ പൂർണമായും കടകൾ അടച്ചിടുന്നത്-ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു