കണ്ണൂർ: കോളയാട് കൊമ്മേരിയിലാണ് മലബാറി ആടുകൾക്കായുള്ള സംസ്ഥാനത്തെ ഏകഫാം . അര നൂറ്റാണ്ട് മുമ്പ് തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് പേരിനു പോലും ഒരു ആടില്ല. അതെ സമയം ആടുവളർത്താൻ പതിനഞ്ച് ജീവനക്കാരാണ് ഫാമിലുള്ളത്. ഇവർ തീറ്റപ്പുൽക്കൃഷിയിലേർപ്പെട്ടിരിക്കുകയാണ്.
200 ആടുകളുമായാണ് ഫാം തുടങ്ങിയത്. പിന്നീട് അതു 400 വരെയായി. മേയ്ക്കാൻ വിട്ടതിനെ തുടർന്ന് അമിത വണ്ണം കാരണം പലതും ചത്തുപോയെന്നാണ് ഇന്ന് ആടില്ലാത്തായതിന്റെ കാരണം പറഞ്ഞാൽ വിശദീകരണം.
അഞ്ച് വർഷം മുമ്പാണ് ആട് ഫാം നവീകരണത്തിനായി 4.33 കോടി രൂപ സർക്കാർ അനുവദിച്ചത്. മലബാറി ആടുകളുടെ സംരക്ഷണവും ശാസ്ത്രീയ പ്രജനനവും സംബന്ധിച്ച് ഗവേഷണം, മൃഗസംരക്ഷണ വകുപ്പിലെ സാങ്കേതിക ജീവനക്കാർക്ക് പരിശീലനം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വൈവിദ്ധ്യവത്കരണം തുടങ്ങിയത്. നിലവിൽ 200 പെണ്ണാടുകളെയും പത്തു മുട്ടനാടുകളെയും വളർത്താനുള്ള സൗകര്യമാണുള്ളത്.
ഇത് 900 പെണ്ണാടുകളെയും 100 മുട്ടനാടുകളെയും വളർത്താനുള്ള സൗകര്യത്തിലേക്കുയർത്തും. വർഷം കുറഞ്ഞത് 750 ആട്ടിൻ കുട്ടികളെ ഉൽപ്പാദിപ്പിക്കുകയും ആട്ടിൻപാൽ വിപണനം ചെയ്യുകയുമാണ് ലക്ഷ്യം..12.17 ഏക്കറുള്ള ഫാമിൽ ആടുകളുടെ ചികിത്സക്കുള്ള ആശുപത്രി, ആധുനിക രീതിയിലുള്ള ഷെഡ്, പോസ്റ്റ് മോർട്ടം ടേബിൾ, ബീജബാങ്ക്, ലബോറട്ടറി, ട്രെയിനിംഗ് ഹാൾ, കോൺഫ്രൻസ് ഹാൾ, ആടുകൾക്ക് ക്വാറന്റയിൻ റൂം എന്നിവ നിർമ്മിക്കാനും പദ്ധതിയുണ്ട്.
മലബാറി ആടുകൾ
ആടുകളിൽ കേരളത്തിന്റെ അഭിമാനജനുസാണ് മലബാറി.വിവിധ ജനുസുകളുടെ ഒരു സമ്മിശ്രമാണിവ അറേബ്യൻ, സുർത്തി, കച്ചി, ജമ്നാപാരി എന്നിവയും മലബാറിലെ നാടൻ ആടുകളും ചേർന്ന ഒരു സമ്മിശ്ര ഇനമാണിത്. കപ്പൽമാർഗ്ഗം കച്ചവടത്തിനെത്തിയ അറബികളും മറ്റും നല്ല പാലുത്പാദനശേഷിയുള്ള ആടുകളെ മലബാറിലെ വിവിധ തുറമുഖങ്ങളിൽ കൊണ്ടുവന്നിരുന്നു. ഇത്തരം വിദേശി ആടുകൾ നാടൻ ആടുകളുമായി ഇണചേർന്നാണ് മലബാറി ആടുകളുടെ പിറവി. ഉയർന്ന ക്ഷീരോത്പാദനവും പ്രജനനക്ഷമതയും ഇതിന്റെ പ്രത്യേകതകളാണ്.
ബൈറ്റ്
ഫാമിന്റെ നവീകരണം യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാപനമായി ഇതു ഉയരും. നവീകരണം പൂർത്തിയാകാൻ കുറഞ്ഞത് ഒരു വർഷമെങ്കിലുമെടുക്കും. വളരെ ശാസ്ത്രീയരീതിയിൽ ആടുകളുടെ പരിപാലനമാണ് ലക്ഷ്യമിടുന്നത്-
ഡോ. വീറ്റു ജോസഫ്,അസി.ഡയറക്ടർ,മൃഗസംരക്ഷണ വകുപ്പ്