കാസർകോട്: കാലവർഷം ശക്തിയാകുന്നതോടെ ഉറക്കമില്ലാതാകുന്നവരാണ് കടപ്പുറത്തെ മത്സ്യതൊഴിലാളി കുടുംബങ്ങൾ എല്ലാകാലത്തും.എന്നാൽ മുന്നൂറ് മീറ്ററിലധികം കര കടലെടുത്തുകഴിഞ്ഞ ഉദുമ ഗ്രാമപഞ്ചായത്തിലെ കൊവ്വൽ,ജന്മ, കടപ്പുറങ്ങളിലുള്ളവർക്ക് ഈ ഭീഷണിയുമായി ഇനിയും കാത്തിരിക്കാൻ നിർവാഹമില്ല.
നല്ല വിളവുള്ള നൂറുകണക്കിന് തെങ്ങുകളും തിരമാലകൾ കൊണ്ടുപോകുന്നതിന്റെ സങ്കടത്തിലാണിവർ. കീഴൂരിൽ പുലിമുട്ട് പണിതതിന്റെ ദുരിതം അനുഭവിക്കുന്നത് ഈ ഭാഗത്തുള്ളവരാണ്. വരുന്ന തിരമാലകളുടെ ഉയരവും ശക്തിയും കൂടി. കടലിന് നല്ല ആഴവും വന്നു. നിരവധി പുരയിടങ്ങളും നാട്ടുകാർ നിർമ്മിച്ച റോഡും ഇതിനകം തകർന്നു. ഉദുമ നാർച്ചിക്കുണ്ട് കടപ്പുറം മുതൽ കൊപ്പൽ കടപ്പുറം വരെയുള്ള 1050 മീറ്റർ ദൂരത്തിൽ കടൽഭിത്തി നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയെങ്കിലും 500 മീറ്ററിൽ ഇത് ഒതുക്കി. ഇതോടെ കടലിന്റെ കലി മുഴുവൻ കൊവ്വൽ കടപ്പുറത്തെയും ജന്മ കടപ്പുറത്തെയും പ്രദേശങ്ങളിലേക്കായി.
കെ വി കുഞ്ഞിരാമൻ എം .എൽ. എ യുടെ കാലത്ത് കോടികൾ ചിലവഴിച്ചു 500 മീറ്റർ നീളത്തിൽ പണിത കടൽഭിത്തി തകർന്നതോടെ ഇവിടെ രക്ഷയില്ലാതായി.. കൊവ്വൽ കടപ്പുറത്ത് റീസർവേയിൽ ഒരു കുടുംബത്തിന്റെ 70 സെന്റ് സ്ഥലം ഇന്നില്ല.
കൊപ്പൽ ബീച്ച് മുതൽ ജന്മ ബീച്ച് വരെ 2006 ൽ നാട്ടുകാർ നിർമ്മിച്ച റോഡാണ് കടലെടുത്തത്. വീണ്ടും റോഡിന് വേണ്ടി വിട്ടുകൊടുക്കാൻ തങ്ങൾക്ക് സ്ഥലമില്ലല്ലോയെന്നാണ് ഇവിടുത്തുകാരുടെ പരിദേവനം.
പ്രതീക്ഷ കിഫ്ബിയിൽ
തീരദേശത്തിന്റെ സംരക്ഷണത്തിന് ബാക്കിവരുന്ന 550 മീറ്റർ ദൂരത്തിൽ കടൽഭിത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ഇവർ പറയുന്നു, കാസർകോട് പാക്കേജിലോ കിഫ്‌ബിയിലോ ഉൾപ്പെടുത്തി ഭിത്തി നിർമ്മിക്കാമെന്ന കെ.കുഞ്ഞിരാമൻ എം .എൽ .എയുടെ ഉറപ്പിലാണിപ്പോൾ നാട്ടുകാരുടെ പ്രതീക്ഷ.
കടൽഭിത്തി വേണ്ടത് 1050 മീറ്റർ
നിർമ്മിച്ചത് 500 മീറ്റർ
ശേഷിക്കുന്നത് 550 മീറ്റർ
കടൽഭിത്തി പകുതിയിൽ നിർത്തയതാണ് കടലാക്രമണം ഇത്ര രൂക്ഷമാകാൻ കാരണം. ഇത് കാലങ്ങളായി തുടരുന്നു .സഹികെട്ടാണ് ഒരുതവണ ഞങ്ങൾ തിരുവനന്തപുരത്ത് പോയി മന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നൽകിയത്. ശാശ്വതമായ പരിഹാരമാണ് സർക്കാരുകളിൽ നിന്ന് ഞങ്ങൾക്ക് വേണ്ടത്.
അശോകൻ സിലോൺ
(ചെയർമാൻ. തീരദേശ സംരക്ഷണ സമിതി കൊവ്വൽ കടപ്പുറം )
പടം.. തീരം വിഴുങ്ങും കടൽ ..കലിതുള്ളുന്ന തിരമാലകൾ കടൽ ഭിത്തി തകർത്ത് തീരവും തെങ്ങുകളും ഇല്ലാതാകുന്ന കൊവ്വൽ കടപ്പുറം
മുന്നൂറ് മീറ്റർ കടലെടുത്തു
തീരദേശറോഡ് ഇല്ലാതായി
തെങ്ങുകൾ നിലംപൊത്തി
പലരുടെയും കൈവശസ്ഥലം കടലെടുത്തു
കടലാക്രമണം രൂക്ഷമാക്കിയത് പുലിമുട്ട്