പട്ടുവം: കരനെല്ലും കൈപ്പാടും ചെത്തുകള്ളും പുഴമീനുമൊക്കെയായി സമൃദ്ധമായിരുന്നു പട്ടുവത്തിന്റെ പൂർവകാലം.സർക്കാരിന്റെ സഹായവും പുതുതലമുറയുടെ ഉത്സാഹവുമെല്ലാമായി കൈപ്പാട് കൃഷിയടക്കം പുനർജനിക്കുമ്പോഴും പുഴയിൽ വലയിട്ട് ഉപജീവനം തേടുന്നവർക്ക് ആരൊക്കയോ തള്ളിയ പ്ളാസ്റ്റിക് വാരിയെടുത്ത് മടങ്ങേണ്ടിവരികയാണിപ്പോൾ.
തൈവളപ്പിൽ ഗംഗാദാസൻ, പ്രകാശൻ,നന്ദികേശൻ,വേലായുധൻ,സജീവൻ, ജോസ്,ലൂയിസ് ,കൃഷ്ണൻ എന്നിവരാണ് പട്ടുവത്തെ പ്രധാന മീൻപിടിത്തക്കാർ.മറ്റെന്തെങ്കിലും പണി തേടണമെന്ന അഭിപ്രായത്തിലാണ് ഇവരെല്ലാം. പുഴയിൽ കുടുങ്ങുന്നത് മീനുകളല്ല,പകരം പ്ളാസ്റ്റിക്ക് കൂടുകളാണെന്ന് ഇവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു. മുള്ളൂൽ പുഴയോരത്ത് നിന്ന് തുടങ്ങിയാൽ മംഗലശ്ശേരി ചാലത്തൂർ വരെ ഏതാണ്ട് എട്ട് പുഴയോര മത്സ്യബന്ധന വിപണനകേന്ദ്രങ്ങളുണ്ട്. വെളിച്ചാംകൂൽ പോത്തടയിലുള്ളവർ കിഴക്ക് കുപ്പം പാലം വരെയും തിരിച്ച് പടിഞ്ഞാറ് പഴയങ്ങാടി പാലം വരെയും യാത്ര ചെയ്ത് വലയിടും. പതിനാറുകിലോമീറ്റർ ദൂരം തോണിയുമായി നീങ്ങി വലയിട്ട് രാത്രി രണ്ട് മണിയോടെ തിരിച്ചുവരുമ്പോൾ കുറച്ച് പൊടിമീനുകൾ മാത്രമെ ഉണ്ടാകാറുള്ളുവെന്ന് ഇവർ പറയുന്നു. ബാക്കി മുഴുവൻ പ്ളാസ്റ്റിക് മാലിന്യങ്ങളായിരിക്കും. വലയിൽ നിന്ന് ഇവ നീക്കുന്നത് ഏറെ ശ്രമകരമാണ്.
ഇത്രയധികം പ്ളാസ്റ്റിക് എങ്ങനെ പുഴയിലെത്തുന്നുവെന്നാണ് ഈ മീൻപിടിത്തക്കാർ ചോദിക്കുന്നത്. ആരെങ്കിലും പതിവായി വൻതോതിൽ നിക്ഷേപിക്കാതെ ഈവിധത്തിൽ പുഴ മലീനീകരിക്കപ്പെടില്ലെന്നും ഇവർ തറപ്പിച്ചുപറയുന്നു.
ബൈറ്റ്
പുഴയിലെ അനുഭവം വച്ച് മറ്റെന്തെങ്കിലും ജോലിക്ക് പോകുന്നതാണ് നല്ലതെന്നാണ് ആലോചിക്കുന്നത്. മത്സ്യതൊഴിലാളിയെന്ന പദവി നഷ്ടപ്പെടുമല്ലോയെന്ന് കരുതിയാണ് ഇങ്ങനെ പിടിച്ചുനിൽക്കുന്നത്. ക്ഷേമനിധി ആനുകൂല്യമടക്കം നഷ്ടപ്പെടുമെന്നതിനാൽ ഇങ്ങനെ തള്ളിനീക്കുകയാണ്-മത്സ്യതൊഴിലാളി തൈവളപ്പിൽ ഗംഗാദാസൻ