ഇരിട്ടി: താലൂക്ക് ആശുപത്രിയിൽ സ്രവപരിശോധനക്കായി നിയമിച്ച ഡോക്ടറെ അകാരണമായി പിരിച്ചുവിട്ടതിനെത്തുടർന്ന് കൊവിഡ് സ്രവ പരിശോധനയ്ക്കായി ഒരുക്കിയ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി നിയമിച്ച സ്ഥിരം ഡോക്ടർ എസ്. അർജുനെയാണ് അകാരണമായി ജില്ലാ പ്രോഗ്രാം മാനേജർ പിരിച്ചുവിട്ടത്. പകരമായി രണ്ടു ദിവസം കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഒരു ഡോക്ടറെ നിയമിച്ചെങ്കിലും ഇയാൾ രാജിവെച്ച് പോവുകയായിരുന്നു. തുടർന്ന് സ്രവ പരിശോധന മുടങ്ങാതിരിക്കാനായി മട്ടന്നൂരിൽ നിന്നും മറ്റൊരു ഡോക്ടറെ വരുത്തി കഴിഞ്ഞ ചൊവ്വാഴ്ചയും ശനിയാഴ്ചയും പരിശോധന നടത്തുകയായിരുന്നു.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 2020 ജൂൺ 3 മുതലാണ് ഡോ. അർജുൻ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. ഇതിനിടെ ജൂൺ 27മുതൽ അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശിച്ച് ജില്ലാ പ്രോഗ്രാം മാനേജർ സന്ദേശം അയയ്ക്കുകയായിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുടെ സ്രവ ശേഖരണത്തിന് ശേഷം ഡോക്ടറെ വിടാനായിരുന്നു ഉദ്ദേശിച്ചതെന്ന് ഇരിട്ടി ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ പറയുന്നു. എന്നാൽ 27ന് അഞ്ചരക്കണ്ടിയിൽ ജോലിക്ക് ഹാജരായില്ല എന്ന കാരണം പറഞ്ഞ് ഡോ. അർജുനനെ 28 ന് രാത്രി ജില്ലാ പ്രോഗ്രാം മാനേജർ ജോലിയിൽ നിന്നും പിരിച്ചു വിട്ടതായി അറിയിക്കുകയായിരുന്നെന്ന് സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ പറഞ്ഞു. എന്നാൽ ഡോക്ടറെ വീണ്ടും ഇവിടേയ്ക്ക് പോസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം ഓഫീസർക്ക് സൂപ്രണ്ട് കത്തു നൽകിയെങ്കിലും ഡോക്ടറെ സ്രവ പരിശോധന ഇല്ലാത്ത പേരാവൂരിൽ നിയമിച്ച് ഉത്തരവിടുകയായിരുന്നുവത്രെ.
ഡോക്ടറെ കാരണമില്ലാതെ പിരിച്ചുവിട്ടതോടെ ഈ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ച നിലയിലാണ്. സംസ്ഥാനത്തും ജില്ലയിലും കൊവിഡ് ബാധിതർ കൂടിവരുന്ന സാഹചര്യത്തിൽ ഇരിട്ടി കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചാൽ രോഗം സംശയിക്കുന്നവർ കണ്ണൂരിലോ തലശ്ശേരിയിലോ എത്തേണ്ടിവരും.