vayal
മുതുകുട മുറിയാത്തോടിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്നതിനെ തുടർന്ന് തരിശിട്ട പാടശേഖരം

പട്ടുവം: മഴക്കാലത്ത് തോടുകളുടെ സംരക്ഷണം കൃത്യമായി നടന്നില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് അറിയണമെങ്കിൽ മുതുകുട ഈസ്റ്റിലേക്ക് ഒന്നുവരിക. മുറിയാത്തോടിലൂടെ പലവഴിയ്ക്ക് ഒഴുകിവന്ന വെള്ളം ഒഴുകിയെത്തി ഏക്കറുകണക്കിന് വരുന്ന ഇരുവിള പാടശേഖരം വെള്ളക്കെട്ടിൽ മുങ്ങി ചതുപ്പ് രൂപപ്പെടുന്ന അവസ്ഥയിലെത്തിയത് നിങ്ങൾക്ക് ഒരു പാഠമായിരിക്കും.
മുതുകുട എൽ.പി സ്‌കൂളിന്റെ ഓരം ചേർന്ന് തുടങ്ങുന്ന ഈ നിലങ്ങൾ വർഷങ്ങളായി വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ തരിശിട്ടിരിക്കുകയാണ് കർഷകർ. മംഗലശ്ശേരി വെസ്റ്റിലെ മുഞ്ഞോളം വളവ് വരെ ഉപയോഗശൂന്യമായി വയൽ പരന്നുകിടക്കുകയാണിവിടെ.
പാപ്പിനിശ്ശേരി ടൈൽസ് കമ്പനികൾ കളിമണ്ണ് എടുത്തതുവഴി ഉണ്ടായ വലിയ തടാകങ്ങളിൽ നിന്നാണ് പട്ടുവം പഞ്ചായത്ത് കാര്യാലയത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള മുറിയാത്തോടിലൂടെ ഈ വെള്ളം ഒഴുകിയെത്തുന്നത്. തോടിൽ നിന്നും പലവഴിക്കായി പാടശേഖരങ്ങളിലേക്ക് വെള്ളം എത്തുകയാണ്. മുറിയാത്തോടിൽ നിന്നും പാടങ്ങളിലേക്ക് എത്തുന്ന വെള്ളത്തെ തടയാൻ പഴയകാലത്ത് കർഷകർ ഉണ്ടാക്കിയ വലിയതോട് ഇപ്പോഴും പരിക്കുകളൊന്നുമില്ലാതെ ഇവിടെയുണ്ട്. ഉപയോഗയോഗ്യമാക്കുന്നില്ലെന്ന് മാത്രം. കൃഷിക്ക് വൻപ്രോത്സാഹനം നൽകുന്ന കാലത്ത് വൻതോതിൽ വിളവ് തരുന്ന പാടശേഖരം ഇങ്ങനെ നശിക്കുന്നതിൽ പട്ടുവം പഞ്ചായത്തിനും മനസ്താപമില്ലെന്നാണ് കർഷകർ പറയുന്നത്.

പഴയ തോടിൽ ചെറിയ തോതിൽ അറ്റകുറ്റപ്പണി നടത്തിയാൽ വയലിലെ വെള്ളക്കെട്ട് തോടിലൂടെ ഒഴുക്കിക്കളയാം. ചിലയിടത്ത് നിന്ന് മണ്ണ് നീക്കുകയും പൊട്ടിപ്പൊളിഞ്ഞ ചിറ നന്നാക്കുകയും ചെയാൽ മതി.

- മംഗലശ്ശേരി അടിയോടിവീട്ടിൽ ബാലകൃഷ്ണൻ (നെൽകർഷകൻ)