തൃക്കരിപ്പൂർ: കുരുന്നുകൾക്ക് പ്രകൃതി സൗഹൃദ സന്ദേശമായി തേൻവരിക്ക പ്ലാവിൻതൈകൾ സ്നേഹ സമ്മാനമായി നൽകി അദ്ധ്യാപകൻ. ചക്കയോടും ചക്കയുത്പന്നങ്ങളോടും ജനങ്ങൾ കൂടുതൽ ആഭിമുഖ്യം കാണിച്ചുവരുന്ന കാലത്ത്, പോഷക സമ്പന്നമായ നാട്ടുവിഭവങ്ങൾക്ക് കുരുന്നു മനസ്സിൽ ഇടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് അദ്ധ്യാപകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന പ്രദീപ് കൊടക്കാടിന്റെ വകയായി പ്ലാവിൻതൈകൾ വിതരണം ചെയ്തത്. ലോക്ക്ഡൗൺ കാലത്ത് സ്വന്തം പറമ്പിലെ മികച്ച വരിക്കപ്ലാവുകളുടെ വിത്തുകൾ ഉപയോഗിച്ചാണ് പ്ലാവിൻ നഴ്സറി തയ്യാറാക്കിയതും വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തതും. സ്കൂൾ പ്രധാനാധ്യാപിക ടി.വി.സുഗതകുമാരി വിതരണോദ്ഘാടനം നിർവ്വഹിച്ചു. പ്രദീപ് കൊടക്കാട്, കെ.പി.ബാലാമണി, പി.സീമ സംസാരിച്ചു.