നീലേശ്വരം: കൊവിഡ് പ്രോട്ടോകോൾ പോലും പാലിക്കാതെ നിയമംലംഘിച്ച് അന്യസംസ്ഥാന ജില്ലകളിൽ നിന്നെത്തുന്ന ഒഴുക്കുവല മത്സ്യത്തൊഴിലാളികളുടെ അനധികൃത മീൻപിടുത്തം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. ഇവർ പുറംകടലിൽ വല എറിഞ്ഞ് മീൻപിടിക്കുമ്പോൾ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെറുമീനുകൾ മാത്രമാണ് ലഭിക്കുന്നത്.
മാത്രമല്ല മണ്ണെണ്ണയുടെ വില വർദ്ധിച്ചതും ഐസ് ഫാക്ടറിയിൽ നിന്ന് പരമ്പരാഗത തൊഴിലാളികൾക്ക് ഐസ് കിട്ടാത്തതും ഇവർക്ക് പ്രശ്നം സൃഷ്ടിക്കുകയാണ്.
കന്യാകുമാരി, തിരുവനന്തപുരം എന്നിവിടങ്ങളിലെ 80 ഓളം വള്ളങ്ങൾ അഴിത്തല കേന്ദ്രമാക്കി മീൻ പിടിക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. എല്ലാ വർഷവും സെപ്റ്റംബർ 30 മുതൽ മേയ് ഒന്നുവരെ മാത്രമേ ഒഴുക്കു വലക്കാർക്ക് മീൻ പിടിക്കാനുള്ള അധികാരമുള്ളൂ. അതു കഴിഞ്ഞാൽ അവർ തിരിച്ചു നാട്ടിലേക്ക് പോകണമെന്നാണ് നിബന്ധന. എ.ഡി.എം, പൊലീസ് ഫിഷറീസ്, വിവിധ മത്സ്യത്തൊഴിലാളിസംഘടനകൾ, കമ്മീഷൻ ഏജന്റുമാർ, മത്സ്യത്തൊഴിലാളികൾ എന്നിവർ 2018 ജൂണിൽ തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്ത് ചേർന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
ഒഴുക്കുവല മീൻപിടിത്തം അധികൃതർ നിയന്ത്രിച്ചില്ലെങ്കിൽ തൈക്കടപ്പുറം അഴിത്തല മുതൽ ചിത്താരി കടപ്പുറം വരെയുള്ള പരമ്പരാഗത മത്സ്യതൊഴിലാളികൾ പണിമുടക്കി പ്രക്ഷോഭത്തിനിറങ്ങുമെന്നും ഇവരുടെ വള്ളം കടലിൽ തടയുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇതിനായി തീരദേശ - പരമ്പരാഗത മത്സ്യത്തൊഴിലാളി സംഘടന രൂപീകരിച്ചിട്ടുണ്ട്.
150 പരമ്പരാഗത വള്ളങ്ങൾ
1500 മത്സ്യത്തൊഴിലാളികൾ