പേരാവൂർ: ചെവിടിക്കുന്നിൽ പുഴുവരിച്ചുകിടന്ന 125 ചാക്ക് മാലിന്യം ഒറ്റയ്ക്ക് നീക്കിയും കാഞ്ഞിരപ്പുഴയുടെ ഒഴുക്കിനെ തടഞ്ഞ 500 ഓളം പ്ളാസ്റ്റിക്ക് ചാക്കുകൾ ഇറങ്ങി എടുത്തുമാറ്റിയും മാലിന്യം നിറഞ്ഞ ബാവലിപ്പുഴയെ, ഒരു നാടിനെ ഒന്നാകെയിറക്കി ശുചീകരിച്ചതുമടക്കം നിഷാദ് മണത്തണ പരിസ്ഥിതി പ്രശ്നങ്ങളിൽ പ്രസംഗിക്കുകയല്ല, ഇടപെടുകയാണ്. ഈ കൊവിഡ് കാലത്ത് പരിസ്ഥിതിസംരക്ഷണമെന്ന നിലയിൽ നാലേക്കർ നിലം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുകയാണ് പുഴകളുടെ ഈ കാവൽക്കാരൻ.
മണത്തണയിലും പരിസര പ്രദേശങ്ങളിലുമായാണ് നിഷാദിന്റെ നെൽക്കൃഷി. നാലു വർഷം മുമ്പ് പരിസ്ഥിതി സംഘടനയായ മണത്തണക്കൂട്ടത്തിൽ സജീവ പ്രവർത്തകനായി മാറിയതാണ് നിഷാദിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഇതോടെ പരിസ്ഥിതിപ്രവർത്തനത്തിന് പൂർണമായി ഇറങ്ങി. 2017 ലാണ് പേരാവൂർ ചെവിടിക്കുന്നിലെ മാലിന്യം നിഷാദ് തനിച്ച് നീക്കിയത്. 2018 ലെ പ്രളയകാലത്ത് വയനാട്ടിലേക്ക് ബാംഗളൂരിലെ 'ഗുഡ് എർത്ത് ' എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ 12 ലക്ഷം രൂപയുടെ അവശ്യസാധനങ്ങൾ എത്തിക്കുന്നതിനു മുന്നിൽ നിന്നതും ഇദ്ദേഹമാണ്. 2019 ലെ പ്രളയകാലത്ത് ബംഗളൂരിലെ വയ ട്രസ്റ്റ് നൽകിയ 15000 സൗരറാന്തലുകളും ഭക്ഷണ കിറ്റുമുൾപ്പെടെ 3കോടി രൂപയുടെ സഹായവും നിഷാദിന്റെ കൈകളിലൂടെയാണ് അർഹതപ്പെട്ടവർക്ക് ലഭിച്ചത്. ഈ കൊവിഡ് കാലത്ത് 12 ടി.വി.യാണ് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന കുട്ടികൾക്കായി എത്തിച്ചുനൽകി. ഒരു നിർദ്ധന കുടുംബത്തിന് വീട് നിർമ്മിക്കാനുമായി.
പഴശ്ശി സ്മരണയുറങ്ങുന്ന മണത്തണയിലെ കോട്ടക്കുന്നിൽ റിസോർട്ട് ആരംഭിക്കാനുള്ള നീക്കത്തെ ചെറുത്ത നാട്ടുകാരുടെ മുന്നിൽ നിഷാദുമുണ്ടായിരുന്നു.താഴ്വരയിലുള്ള വലിയ പാടശേഖരത്തിലേക്കുള്ള നീരുറവ ഇല്ലാതാകുമെന്ന് നിഷാദ് പുറത്തിറക്കിയ ഡോക്യുമെന്ററിയിലൂടെ തെളിഞ്ഞു. കണ്ണൂരിന്റെ കുടിവെള്ള സ്രോതസായ ബാവലിപ്പുഴയെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് മോചിപ്പിക്കാനായി നാട്ടുകാർ ഒന്നിച്ചിറങ്ങിയതിന്റെ സംഘാടകരിലൊരാളായിരുന്നു ഈ പഴയ ചുമട്ടുതൊഴിലാളി. നിഷാദ് നിർമ്മിച്ച ഡോക്യുമെന്ററിയും വീഡിയോ ആൽബവും പുഴയുടെ ശോചനീയാവസ്ഥയെ തുറന്നുകാട്ടുന്നതായിരുന്നു.