water-flow
അഛൻകല്ല് വെള്ളച്ചാട്ടം

കാസർകോട്: കൊന്നക്കാട് അച്ചൻകല്ലിലെ മൺസൂൺകാല വെള്ളച്ചാട്ടം കാണാൻ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിൽ എത്തുന്നവർക്ക് പൊലീസിന്റെ പൂട്ട്. കഴിഞ്ഞദിവസം ദൂര സ്ഥലങ്ങളിൽ നിന്നും അച്ചൻകല്ലിൽ വെള്ളച്ചാട്ടം കാണാൻ എത്തിയവരെ പൊലീസ് പിടികൂടി പിഴയടപ്പിച്ചിരുന്നു. ഇരുചക്ര വാഹനങ്ങളിൽ ഊടുവഴികളിലൂടെയാണ് ഇവിടേക്ക് സന്ദർശകർ എത്തുന്നത്.

ബളാൽ ഗ്രാമപഞ്ചായത്തിലെ കൊന്നക്കാടിനടുത്ത അച്ചൻകല്ല് വെള്ളച്ചാട്ടം മൺസൂൺ കാലത്ത് സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കാഴ്ചയാണ്. കർണ്ണാടക വനമായ കോട്ടഞ്ചേരിയിൽ നിന്നും ഒഴുകി എത്തുന്ന അരുവി അച്ചൻകല്ലിൽ തീർക്കുന്ന ദൃശ്യ വിസ്മയം പകർത്താനും നീരാട്ടിനുമാണ് ആളുകൾ എത്തുന്നത്. മനം മയക്കുന്ന വെള്ളച്ചാട്ടം അടുത്ത കാലത്താണ് പുറംലോകത്ത് പ്രസിദ്ധമായത്. നിരവധി സഞ്ചാരികൾ ഈ വെള്ളച്ചാട്ടം കാണാൻ ഇവിടെ എത്തിത്തുടങ്ങിയതോടെ അച്ചൻകല്ല് എന്ന ബളാൽ പഞ്ചായത്തിലെ ഒരു പ്രദേശം നാട്ടിനകത്തും പുറത്തുമുള്ള സഞ്ചാരികളുടെ മഴക്കാലത്തെ നേരംപോക്കിനുള്ള കേന്ദ്രമായി മാറുകയായിരുന്നു.

ഇത്തവണയും മൺസൂൺ കാലത്ത് അച്ചൻകല്ല് വെള്ളച്ചാട്ടം കാണാൻ സഞ്ചാരികൾ കൂട്ടത്തോടെ എത്തിയതോടെയാണ്‌ കൊവിഡ് പശ്ചാത്തലം കാരണം പൊലീസ് നിയന്ത്രണം കടുപ്പിച്ചത്.

ജില്ലയിലെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രമായ ബേക്കൽ കോട്ട ഉൾപ്പെടെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഉള്ളതിനാലാണ് അച്ചൻകല്ല് വെള്ളച്ചാട്ടം കാണാനെത്തുന്നതിനും വിലക്ക് ഏർപ്പെടുത്തിയതെന്ന് വെള്ളരിക്കുണ്ട് സി.ഐ. പറഞ്ഞു.