കാഞ്ഞങ്ങാട്: കാൽനൂറ്റാണ്ട് മുമ്പ് തുടക്കം കുറിക്കുകയും ഒരു വർഷം മുമ്പ് പണി പൂർത്തിയാവുകയും ചെയ്ത അലാമിപ്പള്ളി ബസ് ടെർമിനലിന് ശാപമോക്ഷമാകുന്നു. ബസ് ടെർമിനലിലെ കടമുറികളുടെ ലേലം ഇന്നു തുടങ്ങും. സ്റ്റാൻഡിന്റെ തെക്കും പടിഞ്ഞാറും ഭാഗത്തായാണ് ഷോപ്പിംഗ് കോംപ്ലക്സ്. മൂന്നു നിലകളിലായി നൂറ്റെട്ട് മുറികളുണ്ട്. മുറി ഒന്നിനു പത്തുലക്ഷം ഡെപ്പോസിറ്റും പതിനയ്യായിരം രൂപ പ്രതിമാസ വാടകയുമാണ് നഗരസഭ നിശ്ചയിച്ചിട്ടുള്ളത്. ഡെപ്പോസിറ്റും വാടകയും അധികമാണെന്ന പരാതി ഉയർന്നിട്ടുണ്ട്.
എന്നാൽ കാഞ്ഞങ്ങാട്ട് ഏറ്റവും വേഗം വികസിക്കാൻ പോകുന്നതു അലാമിപ്പള്ളിയാണെന്ന് ചെയർമാൻ വി.വി രമേശൻ പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തത്. ഒരു വർഷം പിന്നിട്ടപ്പോഴാണ് കടമുറികൾ ലേലം ചെയ്യുന്നതിനുള്ള അവസരമുണ്ടായത്. നിലവിലുള്ള നഗരസഭ ഭരണക്കാർ കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്കു നൽകിയ വാഗ്ദാനമാണ് അലാമിപ്പള്ളി ബസ് സ്റ്റാന്റ് തുറന്നുകൊടുക്കുമെന്നത് . അതു നിറവേറ്റാനായതിൽ സന്തോഷമുണ്ടെന്നും ചെയർമാൻ പറഞ്ഞു. ഈ ഭരണ സമിതിയുടെ കാലത്ത് ബസ് തുറക്കാൻ പാടില്ലെന്നായിരുന്നു മുസ്ലിം ലീഗും കോൺഗ്രസും കരുതിയത്. അതിനവർ ഹൈക്കോടതിയെ വരെ സമീപിച്ചു. എന്നിരുന്നാലും അതിനെയൊക്കെ അതിജീവിച്ചാണ് ഇപ്പോൾ കടമുറികളുടെ ലേല നടപടികളിലേക്കെത്തിയത്. ഈ മാസം 21ന ലേലംപൂർത്തിയാകും. ലോക് ഡൗൺ വരെ ബസുകൾ സ്റ്റാൻഡ് കയറിയിറങ്ങിയിരുന്നുവെങ്കിൽ ഇപ്പോൾ ഒരു ബസും സ്റ്റാൻഡിൽ കയറുന്നില്ല. ലേലംകൊള്ളുന്നവർ വ്യാപാരാവശ്യത്തിനായി മുറിമോടി കൂട്ടുന്നതോടെ അലാമിപ്പള്ളി വീണ്ടും സജീവത കൈവരിക്കും.