കണ്ണൂർ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേഡ് ഭേദിച്ച് കളക്ട്രേറ്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
മാർച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. എൻ.ഐ.എ അന്വേഷിക്കുമ്പോൾ അതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രൈവറ്റ് സെക്രട്ടറി ശിവശങ്കരന്റെയും പ്രത്യേക പങ്ക് അന്വേഷിക്കുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ കൈതപ്രം അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പ്രസംഗിച്ചു. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് മനോജ് പൊയിലൂർ, അരുൺ എ. ഭരത്, സെക്രട്ടറി രിതിൻ തലശ്ശേരി, ജില്ലാ ട്രഷറർ നന്ദകുമാർ, മണ്ഡലം പ്രസിഡന്റുമാരായ വിജേഷ്, സ്മിൻതേഷ്, പ്രതീഷ്, ശ്രീനാഥ്, ഷിജു,വിപിൻ, വൈശാഖ് എന്നിവർ നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി സ്വാഗതവും ജില്ലാ സെക്രട്ടറി അഡ്വ. കെ. രഞ്ചിത്ത് നന്ദിയും പറഞ്ഞു.