കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അനധികൃത വഴിയോര വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി ആരംഭിച്ചു. പത്തോളം വ്യാപാര സ്റ്റാളുകൾപൊളിച്ച് മാറ്റി. പൊലീസിന്റെ സഹായത്തോടെയായിരുന്നു പഞ്ചായത്ത് നടപടി. കെ.എസ്.ടി.പി.റോഡിൽ മൂന്നാംപീടിക മുതൽ മെരുവമ്പായി വരെയുള്ള ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത വ്യാപാര സ്ഥാപനങ്ങളാണ് മാങ്ങാട്ടിടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊളിച്ച് മാറ്റിയത്.
അതോടൊപ്പം കൂത്തുപറമ്പ്-നിടുംപൊയിൽ റോഡിൽ കൈതേരി ഭാഗത്ത് പ്രവർത്തിക്കുന്ന ഏതാനും സ്ഥാപനങ്ങളും പൊളിച്ച് മാറ്റിയിട്ടുണ്ട്. പച്ചക്കറിസ്റ്റാളുകൾ, ഫ്രൂട്ട്സ് സ്റ്റാളുകൾ, തട്ടുകടകൾ എന്നിവയാണ് പൊളിച്ച് മാറ്റിയത്. അതേസമയം പഞ്ചായത്തിന്റെ ലൈസൻസോടെ റോഡരുകിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിൽ നടന്ന കൊവിഡ് അവലോകന യോഗം അനധികൃത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു.
അനധികൃത കച്ചവടങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുള്ളള ഒരുക്കത്തിലാണ് കൂത്തുപറമ്പ് പൊലീസും. എസ്.ഐ പി. ബിജു, അഡീഷണൽ എസ്.ഐ അനിൽകുമാർ, പഞ്ചായത്ത് ജീവനക്കാരായ കെ.ബി പ്രശാന്ത്, വി.സി. പ്രസൂൺ, പി. ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.