തൃക്കരിപ്പൂർ: കവ്വായി കായലിലെ ഇടയിലക്കാട് ദ്വീപിലേക്ക് യാത്രാ സൗകര്യത്തിനായി നിർമ്മിച്ച ബണ്ടിൽ നീരൊഴുക്കിന് സംവിധാനമൊരുക്കണമെന്ന ആവശ്യം സംബന്ധിച്ച് നിയമസഭാ ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ബണ്ടിൽ പാലം പണിത് പുഴയെ ഒഴുകാൻ അനുവദിച്ച് സ്വാഭാവികത തിരിച്ചു കൊണ്ടുവരണമെന്ന ദ്വീപ് നിവാസികൾ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതേ തുടർന്ന്
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സത്താർ വടക്കുമ്പാട് വിഷയം നിയമസഭ ഉപസമിതിക്ക് മുമ്പാകെ എത്തിക്കുകയും അധികൃതർ അന്വേഷണത്തിന് എത്തുകയും ചെയ്തു. വൈകിയാണെങ്കിലും
നിയമസഭാ അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം ആശ്വാസം പകരുന്നതാണ്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് 2018 ഫെബ്രുവരിയിൽ സ്ഥലം എം.എൽ.എ. രാജഗോപാലന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് എൻജിനീയർമാരും ഇൻലാന്റ് നാവിഗേഷൻ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യതകൾക്ക് ഗുണകരമാവുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന വിവരമാണ് അന്ന് ലഭിച്ചത്. വർഷം രണ്ടു കഴിഞ്ഞിട്ടും പരാതിയും അന്വേഷണവുമല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. അടിഞ്ഞു കൂടുന്ന മാലിന്യം മത്സ്യ തൊഴിലാളികൾക്കടക്കം ദുരിതമാവുകയാണ്. വലയിൽ പലപ്പോഴും കുടുങ്ങുന്നത് മാലിന്യങ്ങളുടെ ശേഖരമായിരിക്കുമെന്ന് മത്സ്യ തൊഴിലാളികൾ ആരോപിക്കുന്നു.
വേണ്ടത് പരിസ്ഥിതി സൗഹൃദ വികസനം
വിദേശ ടൂറിസ്റ്റുകൾ അടക്കം നിത്യേന ആശ്രയിക്കുന്ന ബണ്ടിന്റെ മദ്ധ്യത്തിൽ ഇരുഭാഗങ്ങളിലേക്കും ബോട്ടുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ ഉയർത്തിയുള്ള പാലം പണിതാൽ, കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുകാനും, പരിസ്ഥിതി സൗഹൃദമാകാനും ഇടയാകുമെന്നാണ് നാട്ടുകാർ പറയുന്നത്. നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഇടയിലക്കാട് ദ്വീപിലെ മുന്നൂറ്റമ്പതിലേറെ കുടുംബങ്ങളുടെ യാത്രാദുരിതത്തിനു പരിഹാരമായാണ് 1993ൽ നാട്ടുകാരുടെ കൂട്ടായ്മയിൽ 310 മീറ്ററോളം നീളത്തിൽ ഒഴുക്ക് തടഞ്ഞുകൊണ്ട് പുഴക്ക് കുറുകെ ബണ്ട് കെട്ടി റോഡ് നിർമ്മിച്ചത്. ഇതോടെ യാത്രാദുരിതത്തിനു ഒരു പരിധിവരെ പരിഹാരമായെങ്കിലും കവ്വായി കായലിന്റെ വടക്കൻ മേഖലയിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യങ്ങളും പായലും ബണ്ട് പരിസരത്ത് തടയപ്പെടുന്നതോടെ ദുർഗ്ഗന്ധവും പരിസ്ഥിതി പ്രശ്നം ഉടലെടുക്കാനും ഇടയാക്കി.
ഇടയിലക്കാട് ബണ്ടിലെ നീരൊഴുക്ക് നിലച്ച വിഷയം സംബന്ധിച്ച പരാതിയെ തുടർന്ന് അന്വേഷണത്തിനെത്തിയ നിയമസഭ ഉപസമിതിയുടെ അന്വേഷണ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന വിവരമുണ്ട്. ഇതു സംബന്ധിച്ച സർക്കാരിൽ നിന്നുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
സത്താർ വടക്കുമ്പാട്,
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് അംഗം