രാജപുരം: സമ്പർക്കത്തിലൂടെ കോളിച്ചാൽ കൊളപ്പുറത്തെ 73 കാരന് കൊവിഡ്19 സ്ഥിരീകരിച്ച സഹചര്യത്തിൽ പനത്തടി പഞ്ചായത്തിൽ 14 മുതൽ 22 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പഞ്ചായത്ത്, റവന്യൂ, ആരോഗ്യ, പൊലീസ് വകുപ്പുകളുമായി ചേർന്ന സർവകക്ഷിയോഗത്തിലാണ് ഈ തീരുമാനം. പഞ്ചായത്ത് പരിധിയിൽ രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുവരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറക്കാം. സമീപ പഞ്ചായത്തായ കള്ളാറിലും ഇത് ബാധകമാക്കിയതായി അധികൃതർ അറിയിച്ചു. കള്ളാർ പഞ്ചായത്തിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 11 മുതൽ വൈകിട്ട് 5 വരെയേ തുറന്ന് പ്രവർത്തിക്കൂ.

പനിയെത്തുടർന്ന് കഴിഞ്ഞ ഒൻപതിന് പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിലെ ഒ.പി. വിഭാഗത്തിൽ ഇയാൾ ചികിത്സയ്‌ക്കെത്തിയിരുന്നു. 65 വയസ് കഴിഞ്ഞവർ ചികിത്സ തേടിയെത്തിയാൽ സ്രവ പരിശോധന നടത്തണമെന്ന സർക്കാർ നിർദേശമുള്ളതിനാൽ സ്രവം ആശുപത്രി അധികൃതർ പരിശോധനയ്ക്ക് അയച്ചിരുന്നു. ഞായറാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കെ.എസ്.ആർ.ടി.സി. ഡ്രൈവറായ ഇയാളുടെ മകൻ കർണാടകയിൽ പോയി വന്നിരുന്നു. എന്നാൽ മകന് രോഗം ബാധിച്ചിട്ടില്ല. വൃദ്ധനെ ചികിത്സിച്ച ഡോക്ടർ വിവരമറിഞ്ഞ് നിരീക്ഷണത്തിൽ പോയി. രോഗിയിൽ നിന്ന് സമ്പർക്കപ്പട്ടിക ലഭിക്കുന്നതോടെ കൂടുതൽ ആളുകൾ നിരീക്ഷണത്തിലേക്ക് പോകേണ്ടി വരുമെന്നാണ് വിവരം. കോളിച്ചാലിലെ ചില കടകളിൽ ഇയാൾ എത്തിയിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിർദേശത്തെത്തുടർന്ന് ടൗണിലെ കടകൾ അടച്ചു. പ്രദേശത്ത് പ്രത്യേക പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.