ഉദിനൂർ: കണ്ണൂർ ജില്ലയിലെ കതിരൂരിൽ പണിത മാതൃകയിലുള്ള ആധുനിക ഗ്യാസ് ശ്‌മശാനം പടന്ന ഗ്രാമ പഞ്ചായത്തിലെ ഉദിനൂരിൽ നിർമ്മാണം പൂർത്തിയായി. പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉദിനൂർ കുഞ്ഞിക്കൊവ്വൽ ശ്മശാനത്തിലെ അരയേക്കർ സ്ഥലത്താണ് ഗ്യാസ് കൊണ്ട് പ്രവർത്തിക്കുന്ന ശ്മശാനം വരുന്നത്. ഗ്യാസ് കൊണ്ട് ശ്മശാനം പ്രവർത്തിക്കുന്നതിന്റെ പരിശോധന ഇന്ന് നടക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഈ മാസം തന്നെ ഉദ്‌ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ സംയുക്തമായി 75 ലക്ഷം രൂപ ചെലവിട്ടാണ് ശ്മശാനം പണിയുന്നത്. പൂർണ്ണമായും ശ്മശാനം പൂർത്തിയാകുമ്പോൾ ഏകദേശം ഒരു കോടിയോളം രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്നു. ചുറ്റുമതിൽ, കവാടത്തിന് ഗേറ്റ്, പൂന്തോട്ട നിർമ്മാണം, വിശ്രമ മുറി എന്നിവ പൂർത്തിയാക്കുമ്പോൾ ചെലവ് പിന്നെയും വർദ്ധിക്കുമെന്നാണ് പറയുന്നത്. 25 ലക്ഷം രൂപയോളം ഇതിനായി വേണ്ടിവരും.
നിരവധി ഗ്യാസ് സിലിൻഡറുകൾ ഒരേസമയം പ്രവർത്തിക്കുന്ന ശ്മശാനത്തിലെ അടുപ്പിൽ മൃതദേഹം കയറ്റിവച്ചു കഴിഞ്ഞാൽ ഒരു മണിക്കൂർ 10 മിനുട്ട് കൊണ്ട് ചാരമായി മാറുന്ന ആധുനിക സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. 2017-18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്യാസ് ശ്മശാനം നിർമ്മിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ആദ്യവർഷം ജില്ലാ പഞ്ചായത്ത് 20 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷവും ഗ്രാമ പഞ്ചായത്ത് ഏഴ് ലക്ഷവും 2019-20 വർഷം ജില്ലാ പഞ്ചായത്ത് 15 ലക്ഷവും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ 10 ലക്ഷം രൂപ വീതവുമാണ് പദ്ധതിക്കായി ചെലവഴിച്ചത്.
ഗ്യാസ് ശ്മശാനം പ്രവർത്തിക്കുന്നതിന് ആവശ്യമായ ഗ്യാസ് വിതരണം ചെയ്യുന്നതിന് ചെറുവത്തൂരിലെ ഭാരത് ഗ്യാസ് ഏജൻസിയുമായി ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. ശ്മശാനം ഉദ്‌ഘാടനം ചെയ്യുന്നതോടെ എളുപ്പത്തിൽ സംസ്കാര ചടങ്ങുകൾ നടത്താൻ കഴിയും. പരിസ്ഥിതി പ്രശ്നങ്ങളും ഒഴിവാകും.
പി.പി കുഞ്ഞികൃഷ്ണൻ
പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പർ