തളിപ്പറമ്പ്: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പരിസരം പൂങ്കാവനമായി മാറ്റുന്നതിന് തുടക്കം കുറിച്ചു. മുറ്റത്ത് മനോഹരമായ പൂന്തോട്ടം, ജലസംരക്ഷണ പദ്ധതി മുതലായവ ഉൾപ്പടെയാണ് നടപ്പിലാക്കുന്നത്. 104 വൈവിധ്യമാർന്ന നാട്ടുമാവുകൾ, മറ്റ് ഫലവൃക്ഷങ്ങൾ, ആര്യവേപ്പ്, കറിവേപ്പ്, ഔഷധസസ്യങ്ങൾ, വള്ളിച്ചെടികൾ എന്നിവ നട്ടുവളർത്തുന്നതോടൊപ്പം മഴവെള്ള സംഭരണിയുടെ സംരക്ഷണം, ജലസംരക്ഷണ പ്രവർത്തനം, പരിസ്ഥിതി ബോധവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും നടത്തും.

നാനൂറോളം ഫലവൃക്ഷങ്ങളോടൊപ്പം വൈവിധ്യമാർന്ന ചെടികളും നടും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള ഫലവൃക്ഷങ്ങളും ഉണ്ടാവും. അധിനിവേശ മരങ്ങൾ നീക്കം ചെയ്യുന്നതോടൊപ്പം കാർബൺ ആഗിരണം വർദ്ധിപ്പിക്കുന്നതിനുള്ള വൃക്ഷങ്ങളും നട്ടുവളർത്തും. അദ്ധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ല ഹരിത കേരള മിഷൻ, പരിസ്ഥിതി ഗ്രൂപ്പായ മണത്തണ കൂട്ടം, സന്നദ്ധ സംഘടന ഗുഡ് എർത്ത്, ഔഷധി, കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികൾ നടപ്പിലാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ടി.വി രാജേഷ് എം.എൽ.എ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.എം. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.