കണ്ണൂർ: കൊവിഡ് സാഹചര്യത്തിൽ പദ്ധതി ആസൂത്രണത്തിൽ കാലാനുസൃതമായ മാറ്റം വരുത്താൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ജില്ലാ വികസന കേന്ദ്രം കെട്ടിടത്തിൽ നിർമ്മിച്ച ഡിജിറ്റൽ മീറ്റിംഗ് ഹാൾ, റസിഡൻഷ്യൽ ബ്ലോക്ക്, നവീകരിച്ച കോൺഫറൻസ് ഹാൾ, റെക്കാർഡ് റൂം എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളിൽ കൊവിഡ് പ്രതിരോധത്തിന് മുൻഗണന നൽകണം. അതോടൊപ്പം കാർഷിക മേഖലയിൽ ശക്തമായ ഇടപെടൽ നടത്താനും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങളെ മാത്രം പങ്കെടുപ്പിച്ച് ഡിജിറ്റൽ മീറ്റിംഗ് ഹാളിൽ നടന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി പി ദിവ്യ, വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ വി കെ സുരേഷ് ബാബു, അംഗങ്ങളായ തോമസ് വർഗീസ്, കെ. നാണു, അൻസാരി തില്ലങ്കേരി, ജോയ് കൊന്നക്കൽ, സെക്രട്ടറി വി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.