കൂത്തുപറമ്പ്: നാലു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂത്തുപറമ്പ് ഫയർസ്റ്റേഷൻ പ്രവർത്തനം നിർത്തിവച്ചു. ഞായറാഴ്ച്ച രാവിലെവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയർഫോഴ്സ് ജീവനക്കാർക്കാണ് കൊവിഡ് ബാധ.
17ജീവനക്കാരാണ് ഒരാഴ്ച്ചക്കാലമായി സ്ഥിരമായി ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതിൽ കഴിഞ്ഞ ദിവസം സ്രവ പരിശോധനയ്ക്ക് വിധേയരായ അഞ്ചിൽ നാല് പേർക്കാണ് രോഗബാധ. ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. മറ്റ് 13 പേരെ ക്വാറന്റൈനിലേക്കും മാറ്റിയിട്ടുണ്ട്.
സി.ഐ.എസ്.എഫ്. ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ് ബാധയുണ്ടായ വലിയ വെളിച്ചം അടക്കമുള്ള കേന്ദ്രങ്ങളിലെത്തി ഫയർഫോഴ്സ് ജീവനക്കാർ പ്രതിരോധപ്രവർത്തനത്തിലേർപ്പെട്ടിരുന്നു. കൂത്തുപറമ്പ് ഫയർസ്റ്റേഷൻ അടച്ച സാഹചര്യത്തിൽ മട്ടന്നൂർ, പാനൂർ, തലശ്ശേരി ഫയർഫോഴ്സിന്റെ സേവനം കൂത്തുപറമ്പ് മേഖലയിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.