ചീഫ് സെക്രട്ടറിമാരുടെ കൂടിക്കാഴ്ച നീളുന്നു

കണ്ണൂർ: തലശേരി- മൈസൂരു റെയിൽപാതയുമായി ബന്ധപ്പെട്ട കേരള- കർണാടക ചീഫ് സെക്രട്ടറിമാർ തമ്മിലുള്ള കൂടിക്കാഴ്ച അനിശ്ചിതമായി നീളുന്നു. ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് അറിയിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കർണാടക ചീഫ് സെക്രട്ടറി കഴിഞ്ഞ മാസം കത്തയച്ചിരുന്നുവെങ്കിലും ഇക്കാര്യത്തിൽ കർണാടക പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ചയും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇതു സംബന്ധിച്ച് സമ്മർദ്ദം ചെലുത്തിയെങ്കിലും കർണാടക നിലപാട് അനുകൂലമായിട്ടില്ല.

കാലാകാലങ്ങളായി തലശേരി- മൈസൂരു റെയിൽപാതയ്ക്ക് തുരങ്കംവച്ചിരുന്നത് കേരള- കർണാടക അന്തർസംസ്ഥാന ബസ് ലോബിയാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. കർണാടകത്തിലെ നാഗർഹോള, ബന്ദിപ്പൂർ വനമേഖലകൾക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ ടണൽ വഴി റെയിൽപാത നിർമ്മിക്കണമെന്ന നിർദേശം കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷന്‍ കർണാടക സർക്കാർ സമർപ്പിച്ചിരുന്നു. ഇതോടെ 11.5 കിലോമീറ്റർ ദൂരത്തിൽ നദിക്കടിയിലൂടെ ട്രെയിൻ ഓടും.11.5 കിലോമീറ്രർ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.

നിലവിൽ തലശേരിയിൽ നിന്ന് കോഴിക്കോട്, ഷൊർണ്ണൂർ വഴി ട്രെയിൻ മാർഗം ബംഗളൂരു എത്താൻ 15 മണിക്കൂർ വേണം. പുതിയ പാത വരികയാണെങ്കിൽ നാല് മണിക്കൂർ കൊണ്ട് 207 കിലോ മീറ്റർ പിന്നിട്ട് മൈസൂരിലെത്താം. അവിടെ നിന്ന് മൂന്ന് മണിക്കൂറിൽ ബംഗളൂരിവിലേക്കും.

കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലുള്ളവർക്ക് മൈസൂരു, ബംഗളൂരു ഭാഗത്തേക്ക് എളുപ്പവഴിയായിരിക്കും ഈ റെയിൽപാത. തലശേരി - മൈസൂരൂ റെയിൽപാത ലാഭകരമാവില്ലെന്നും ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നുമായിരുന്നു ഡി.എം.ആർ.സി നേരത്തേ നടത്തിയ പഠനത്തിലെ കണ്ടെത്തൽ. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് വിശദമായ സർവേ നടത്താൻ മറ്റൊരു ഏജൻസിയെ കണ്ടെത്താൻ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷനോട് നിർദ്ദേശിക്കുകയും കൊങ്കൺ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തുകയുമായിരുന്നു.