കൂത്തുപറമ്പ്:നാല് ഫയർഫോഴ്സ്ജീവനക്കാർക്ക് കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂത്തുപറമ്പ് നഗരസഭയിലെ മൂര്യാട്, ആമ്പിലാട് ഭാഗങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. പ്രദേശത്തെ റോഡുകൾ പൂർണ്ണമായും അടച്ചു.പാലത്തുംങ്കര - മൂര്യാട് റോഡ്, നരവൂർ - മൂര്യാട് റോഡ്, പാലാപറമ്പ്- അടിയറപ്പറ റോഡ്, വാക്കുമ്മൽ - പഴയ നിരത്ത് റോഡ്, മാങ്കി മുക്ക് - എം.ഇ.എസ്.സ്ക്കൂൾ റോഡ് എന്നിവ ഉൾപ്പെടെയാണ് അടച്ചിട്ടുള്ളത്. റോഡ് പൂർണ്ണമായും അടച്ച പൊലീസ് ഇതുവഴിയുള്ള കാൽനടയാത്ര പോലും വിലക്കിയിരിക്കയാണ്. അതോടൊപ്പം മൂര്യാട് ഭാഗത്ത് ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
പ്രദേശത്ത് ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ ജനങ്ങൾക്ക് പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്. കൂത്തുപറമ്പ് ഫയർസ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കടുത്ത നടപടി. കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടിക വിപുലമാണെന്നാണ് ആദ്യഘട്ട പരിശോധനയിൽ വ്യക്തമാക്കിയിട്ടുള്ളത്. ഫയർസ്റ്റേഷനിലെ മറ്റ് ജീവനക്കാർ ക്വാറന്റയിനിലാണുള്ളത്.ജീവനക്കാർ കൂട്ടത്തോടെ കൊവിഡ് ബാധിതരായ സാഹചര്യത്തിൽ ഫയർസ്റ്റേഷന്റെ പ്രവർത്തനം ഇന്നലെ മുതൽ നിർത്തിവച്ചിരുന്നു.ശക്തമായ പൊലീസ് സന്നാഹവും മൂര്യാട് മേഖലയിലുണ്ട്.