കാഞ്ഞങ്ങാട്: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച കാസർകോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ ഭേദിച്ച് സിവിൽ സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ജില്ലാ ജനറൽ സെക്രട്ടറി വൈശാഖ് കേളോത്തിന് തലയ്ക്ക് പരിക്കേറ്റു . പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കോട്ടച്ചേരി കുന്നുമ്മലിൽ നിന്നാണ് അമ്പതോളം പ്രവർത്തകർ പ്രകടനമായി പുതിയകോട്ട മിനി സിവിൽ സ്റ്റേഷനിലേക്ക് എത്തിയത്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി വിനോദിന്റെ നേതൃത്വത്തിൽ ഹൊസ്ദുർഗ് സി.ഐ ഷൈൻ, നീലേശ്വരം സി.ഐ പി.ആർ മനോജ്, ഹൊസ്ദുർഗ് എസ്.ഐമാരായ പി.കെ വിനോദ് കുമാർ, കെ. രാജീവൻ, കെ. അജിത , ബേക്കൽ എസ്.ഐ. പി അജിത്ത് കുമാർ, നീലേശ്വരം എസ്.ഐ കെ.പി സതിഷ് തുടങ്ങി നൂറോളം പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു .സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ധനഞ്ജയൻ കുമാർ മധൂർ അദ്ധ്യക്ഷനായി . ജില്ല വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായി ,സെക്രട്ടറി സാഗർ ചാത്തമത്ത് ,മണ്ഡലം പ്രസിഡന്റുമാരായ രാഹുൽ പരപ്പ, ഷിബിൻ ദാസ് തൃക്കരിപ്പൂർ, മഹോഷ് ഗോപാൽ ഉദുമ, ജനറൽ സെക്രട്ടറി ശരത് മരക്കാപ്പ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.