കണ്ണൂർ: മഴക്കാല പൂർവ്വ രോഗങ്ങളും മറ്റും പടർന്ന് പിടിക്കുന്ന സാഹചര്യത്തിലും ശുചീകരണ പ്രവർത്തനത്തിന് ശുചിത്വ മിഷൻ അനുവദിക്കേണ്ട ഫണ്ട് ലഭിക്കാതെ കോർപ്പറേഷൻ. ഓരോ ഡിവിഷനുകളിലെയും ശുചീകരണ പ്രവൃത്തികൾക്ക് 25,000 രൂപ വീതം കോർപ്പറേഷൻ ഓൺ ഫണ്ടിൽ നിന്നും നൽകിയാണ് പ്രവൃത്തി നടത്തിയത്. എന്നാൽ ശുചിത്വ മിഷൻ നൽകേണ്ട ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
2019-20 കാലയളവിൽ കോർപ്പറേഷൻ ചെലവഴിച്ച 11 ലക്ഷം രൂപയാണ് ശുചിത്വമിഷന്റെ കൈപ്പിഴ കാരണം കോർപ്പറേഷന് ലഭിക്കാതെ പോയത്. കോർപ്പറേഷൻ ശുചിത്വ മിഷന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച ഫണ്ട് പഴയ മുനിസിപ്പാലിറ്റിയുടെ അക്കൗണ്ടിലേക്ക് മാറിയതാണ് ഈ പ്രതിസന്ധിക്ക് കാരണം.
ഈ പണം തിരിച്ച് കിട്ടാൻ സാദ്ധ്യത കുറവാണെന്നാണ് കോർപ്പറേഷനിലെ ബന്ധപ്പെട്ടവർ പറയുന്നത്. 2020-21 വർഷത്തെ ശുചീകരണ പ്രവൃത്തികൾ ഡിവിഷനുകളിൽ സജീവമായി നടന്നുവരുന്നുണ്ട്. ഇക്കുറിയും തനതുഫണ്ടിൽ നിന്നാണ് ഫണ്ട് അനുവദിച്ചത്. ഈ തുക കിട്ടുമെന്ന പ്രതീക്ഷ തന്നെയാണ് കോർപ്പറേഷന്. നഷ്ടമായ തുക തിരിച്ച് ലഭ്യമാക്കാൻ ശുചിത്വ മിഷൻ മുൻകൈയ്യെടുക്കണമെന്നാണ് കോർപ്പറേഷൻ ആവശ്യം.