കൂത്തുപറമ്പ്: നഗരസഭ പരിധിയിലെ കടകൾക്ക് പ്രവർത്തനാനുമതി നാല് മണി വരെ മാത്രം. ഇന്നലെ ചേർന്ന നഗരസഭാതല കൊവിഡ് അവലോകന യോഗമാണ് പുതിയതീരുമാനം കൈക്കൊണ്ടത്. കൂത്തുപറമ്പ് നഗരസഭാ പരിധിയിൽ കൊവിഡ് പോസറ്റീവ് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം കുറച്ചിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും ലോഡുമായി എത്തുന്ന ചരക്ക് വാഹനങ്ങൾ ഏഴര മണിക്ക് മുൻപായി ചരക്കിറക്കേണ്ടതുണ്ട്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തുന്ന മുഴുവൻ ലോറി ഡ്രൈവർമാരെയും തെർമൽ സ്ക്വാനർ പരിശോധനക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നഗരസഭാ പരിധിയിലെ കല്യാണ വീടുകൾ, മരണവീടുകൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിക്കാനും തീരുമാനമായിട്ടുണ്ട്. ആളുകൾ ആവശ്യമില്ലാതെ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് നഗരസഭാ ചെയർമാൻ എം.സുകുമാരൻ പറഞ്ഞു.