കാഞ്ഞങ്ങാട്: ജില്ലയിൽ കൊവിഡ് വ്യാപനം നടന്നതായുള്ള സംശയമുയർന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ കർശന നിയന്ത്രണമെർപ്പെടുത്താൻ വ്യാപാരി വ്യവസായി സംഘടനകളുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. നഗരത്തിലെ നിയന്ത്രണങ്ങളുടെ ഭാഗമായി ഹോട്ടൽ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. ഹോട്ടലുകൾ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെയും പ്രവർത്തിക്കുവാൻ തീരുമാനിച്ചു.

യോഗത്തിൽ നഗരസഭ ചെയർമാൻ വി.വി. രമേശൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ മഹമ്മൂദ് മുറിയനാവി, വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ എൻ ഉണ്ണികൃഷ്ണൻ, നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ്, കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി. യൂസഫ് ഹാജി, സെക്രട്ടറി പീറ്റർ, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ രാഘവൻ വെളുത്തോളി, സത്യൻ പടന്നക്കാട് എന്നിവർ സംബന്ധിച്ചു.