കാസർകോട് : കൊവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലും മറ്റ് മേഖലകളിലെ പച്ചക്കറി മാർക്കറ്റുകൾ കേന്ദ്രീകരിച്ചും 163 പേരിൽ നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനയിൽ ആറുപേരിൽ കൊവിഡ് കണ്ടെത്തി. രോഗികളുമായി നേരിട്ട് സമ്പർക്കം ഉള്ളവരും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുമാണ് റാപ്പിഡ് പരിശോധനയുടെ പരിഗണനാലിസ്റ്റിൽ ഉൾപ്പെടുന്നത്.

സമൂഹ വ്യാപനത്തിലേക്ക് നീങ്ങാതിരിക്കുന്നതിന് റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്ക് പുറമേ ഇന്നലെ മുതൽ ഓഗ് മെന്റൽ സർവ്വലെൻസിന്റെ ഭാഗമായി രണ്ട് മൊബൈൽ ടീമുകളെ സജ്ജീകരിച്ച് ആഴ്ച തോറും ആയിരത്തിലധികം സ്രവ പരിശോധന നടത്താനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.മൊബൈൽ ടീമുകൾ ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ ക്യാമ്പുകൾ സജീക രിച്ചുകൊണ്ടാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. ആളുകൾ പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടുന്നതും ശാരീരിക അകലം പാലിക്കാതിരിക്കുന്നതുമാണ് ജില്ലയിൽ സമ്പർക്ക കേസുകളുടെ എണ്ണത്തിൽ വലിയവർദ്ധനവ് ഉണ്ടാക്കിയത്.