ചെറുകുന്ന് (കണ്ണൂർ): പൂങ്കാവ് ലക്ഷം വീട് കോളനിയിൽ വൃക്കരോഗത്തെ തുടർന്ന് മരിച്ച ശൈലജയുടെ കുടുംബത്തിലേക്ക് കേരളകൗമുദി ഇടപെടലിനെ തുടർന്ന് സഹായങ്ങളെത്തിത്തുടങ്ങി.പ്രമേഹത്തെ തുടർന്ന് കാഴ്ചാ വൈകല്യമനുഭവപ്പെടുന്നതിനാൽ ജോലി ചെയ്യാൻ കഴിയാത്ത ഭർത്താവും ജന്മനാ അരയ്ക്ക് താഴെ തളർന്ന 19കാരികളായ ഇരട്ടപെൺകുട്ടികളും എസ്.എസ്.എൽ.സി ജയിച്ചുനിൽക്കുന്ന ഇളയമകളുമടങ്ങുന്ന കുടുംബം ശൈലജയുടെ മരണത്തോടെ പ്രതിസന്ധിയിലായ കാര്യം കേരളകൗമുദി വാർത്തയിലൂടെയാണ് പുറംലോകമറിഞ്ഞത്.
വാർത്തയ്ക്ക് പിന്നാലെ ഈ കുടുംബത്തിന് സഹായവുമായി സുമനസുകളെത്തി തുടങ്ങി .താണ സ്വദേശി ഷക്കീല അഷ്റഫ് ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥൻ രാജേഷ് മുഖേന വീൽചെയർകൈമാറി. പാപ്പിനിശ്ശേരി നരയൻകുളം സ്വദേശിനിയായ ഒരു വീട്ടമ്മ നൽകിയ തുക കേരളകൗമുദി ലേഖകൻ കെ.പ്രകാശൻ മുഖേന കൈമാറി. നാട്ടുകാരുടെ നേതൃത്വത്തിൽ ഇവരെ സഹായിക്കാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മുരളീധരന്റെ ഫോൺനമ്പർ:9562568573.