നീലേശ്വരം: ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ നീലേശ്വരം ഡിപ്പോവിൽ നിന്നും തൊഴിലാളികളെ മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റാൻ നീക്കം. നീലേശ്വരത്തുള്ള തൊഴിലാളികളെ കോഴിക്കോട് ഡിപ്പോവിലേക്ക് മാറ്റാനാണ് എഫ്.സി.ഐ മാനേജ്‌മെന്റിന്റെ നീക്കം. കൊവിഡ് രോഗം വ്യാപകമായി പടരുന്നതിന്റെ ഇടയിലാണ് തൊഴിലാളികളെ അന്യജില്ലകളിലേക്ക് സ്ഥലം മാറ്റാനുള്ള നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം.

നീലേശ്വരത്ത് ഇപ്പോൾ തന്നെ 25 സ്ഥിരം തൊഴിലാളികളാണുള്ളത്. 40 ഓളം തൊഴിലാളികളെ ദിവസ കൂലിയിൽ വെച്ചാണ് ഇപ്പോൾ കയറ്റിറക്ക് കൊണ്ടു പോകുനത്. കൊവിഡ് കാലത്ത് അധിക റേഷനും മറ്റും കൊടുക്കുന്നതിനാൽ നീലേശ്വരത്ത് ജോലിഭാരം കൂടുതലാണെന്നും പറയുന്നു. 21 വാഗണുകൾ ഇവിടെ എത്തുന്നുമുണ്ട്.

ഇത്രയെല്ലാമുണ്ടായിട്ടാണ് ഇതിന്റെ യിടയിൽ തൊഴിലാളികളെ അന്യജില്ലകളിലേക്ക് എഫ്.സി.ഐ മാനേജ്‌മെന്റ് സ്ഥലം മാറ്റാനുള്ള നീക്കം നടത്തുന്നതെന്നും പറയുന്നു. തൊഴിലാളികളെയെല്ലാം മാറ്റി ജോലികൾ സ്വകാര്യ കരാറുകാരന് നൽകാനുള്ള നീക്കമാണ് നടത്തുന്നതെന്നും തൊഴിലാളികൾ പറയുന്നു. അഖിലേന്ത്യാ തലത്തിൽ തന്നെ 200 ഓളം എഫ്.സി.ഐ ഗോഡൗണുകൾ സ്വകാര്യ കമ്പനിക്ക് നൽകാനുള്ള നീക്കവും നടക്കുന്നുണ്ട്. കേരളത്തിൽ രണ്ട് ഡിപ്പോ സ്വകാര്യവൽക്കരിക്കാനുള്ള ലിസ്റ്റിൽ ഇപ്പോഴുണ്ടെന്നറിയുന്നുവെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴുള്ള തൊഴിലാളികളിൽ മിക്കവരും സർവ്വീസിൽ നിന്ന് പിരിയാൻ ഇനി മാസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഇതെല്ലാം അവഗണിച്ചാണ് സ്ഥലം മാറ്റനീക്കം.