തൃക്കരിപ്പൂർ: പോത്ത്, ആട് തുടങ്ങിയ വളർത്തു മൃഗങ്ങളെ രാത്രിയുടെ മറവിൽ മോഷ്ടിക്കുന്നത് പതിവാകുന്നു. മാംസാവശ്യത്തിനായി പരിപാലിച്ചു വരുന്ന ആടുമാടുകളെയാണ് കടത്തിക്കൊണ്ടു പോകുന്നത്. കഴിഞ്ഞദിവസം തൃക്കരിപ്പൂർ ബീരിച്ചേരി പള്ളത്തിലെ ഖാദറിന്റെ വീട്ടുവളപ്പിൽ കെട്ടിയിട്ടിരുന്ന രണ്ട് പോത്തുകളെ കൊണ്ടു പോയതാണ് ഇതിൽ അവസാനത്തെ സംഭവം. പാതിരാത്രിയിൽ നടന്നമോഷണം നേരം വെളുത്തപ്പോഴാണ് വീട്ടുകാർ അറിയുന്നത്. തിരച്ചിലിനൊടുവിൽ ഒരു കിലോമീറ്റർ അപ്പുറത്ത് ആളൊഴിഞ്ഞ പറമ്പിൽ നഷ്ടപ്പെട്ട പോത്തുകളെ കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

ബീരിച്ചേരി ഗേറ്റിലുള്ള ഫിഷ് സ്റ്റാളിലെ സിസി ടിവി യിൽ രാത്രി രണ്ടു മണിയോടെ പോത്തിനേയും പിടിച്ച് ഒരാൾ നടന്നു പോവുന്നത് ദൃശ്യത്തിൽ കാണുന്നുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. അതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഒരാഴ്ച മുമ്പായി രാത്രിയിൽ പടന്നയിൽ നിന്നും ആടുകളെ നഷ്ടപ്പെട്ട മറ്റൊരു സംഭവം ഉണ്ടായിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ വാർത്ത പരന്നതോടെ വൈകിട്ട് മറ്റൊരു പ്രദേശത്ത് ആടുകളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ആട്, പോത്ത് തുടങ്ങിയ വളർത്തുമൃഗങ്ങൾ നാട്ടിൻ പുറങ്ങളിലെ സാധാരണക്കാർ വളർത്തിവരുന്നുണ്ട്. പോത്തിനേയും ആടുകളെയും വളർത്തി വിൽപ്പന നടത്തുന്ന പദ്ധതിയാണിത്. ഇത്തരത്തിൽ പറമ്പിൽ പ്രത്യേക സൗകര്യമൊന്നുമൊരുക്കാതെ ആടുമാടുകളെ സംരക്ഷിച്ചു പോകുന്നവരെ ആശങ്കാകുലരാക്കുകയാണ് മോഷണ വാർത്തകൾ. മാംസത്തിന് കൂടുതൽ അവശ്യം നേരിടുന്ന ബലിപെരുന്നാൾ അടുത്തതും പോത്തിനും ആടിനും ക്ഷാമം നേരിട്ടതും ഇത്തരത്തിൽ ആടുമാടുകളെ കടത്തി കൊണ്ടു പോകലിന് ഇടയാക്കുന്നുവെന്നാണ് പറയുന്നത്. പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.