ജില്ലയിൽ 10,000 പേർക്ക് ചികിത്സാ സൗകര്യമൊരുക്കും


കണ്ണൂർ: കൊവിഡ് 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി തദ്ദേശ സ്ഥാപന തലത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഒരേസമയം 10,000 പേർക്ക് ചികിത്സ നൽകാൻ പര്യാപ്തമായ കേന്ദ്രങ്ങൾ ഒരുക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണിത്. ഒരോ ഗ്രാമപഞ്ചായത്തിലും 100 വീതം പേരെയും കോർപറേഷനിലെയും മുനിസിപ്പാലിറ്റികളിലെയും ഓരോ വാർഡിലും 50 വീതം പേരെയും താമസിപ്പിച്ച് ചികിത്സിക്കുന്നതിന് അനുയോജ്യമായ കേന്ദ്രങ്ങൾ കണ്ടെത്താനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഇതിനാവശ്യമായ കെട്ടിടങ്ങൾ കണ്ടെത്തി ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. പഞ്ചായത്തുകളിൽ നിന്നുള്ള റിപ്പോർട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ റിപ്പോർട്ട് സെക്രട്ടറിമാരുമാണ് നൽകേണ്ടത്.
തദ്ദേശ സ്ഥാപന പരിധിയിലെ മെഡിക്കൽ ഓഫീസർമാരുടെ സഹകരണത്തോടെയാണ് കേന്ദ്രങ്ങൾ കണ്ടെത്തേണ്ടത്. നിലവിൽ കൊവിഡ് കെയർ സെന്ററായി തിരഞ്ഞെടുത്തിട്ടുള്ളതും പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾക്കായി കണ്ടെത്തിയിട്ടുള്ളതുമായ കെട്ടിടങ്ങൾ ഒഴിച്ചുള്ളവ മാത്രമേ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന് പരിഗണിക്കാവൂ. ഓഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ തുടങ്ങിയ കെട്ടിടങ്ങൾ ഇതിനായി കണ്ടെത്താം. കെട്ടിടത്തിലേക്ക് സുഗമയായ റോഡ് സൗകര്യം അനിവാര്യമാണ്. പത്ത് പേർക്ക് ഒന്ന് എന്ന തോതിൽ മതിയായ ടോയ്‌ലെറ്റ് സൗകര്യം ഉണ്ടെന്നു ഉറപ്പു വരുത്തണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.