തൃക്കരിപ്പൂർ: പഞ്ചായത്തിലെ തീരദേശ പ്രദേശത്തെ ആരോഗ്യ മേഖലയിൽ സുപ്രധാന പങ്കുവഹിച്ചു വരുന്ന ഉടുമ്പുന്തല ഫാമിലി ഹെൽത്ത് സെൻററിന് ഒന്നേമുക്കാൽ കോടിയുടെ വികസന പദ്ധതി. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് ഈ ആതുര ശുശ്രൂഷാ കേന്ദ്രത്തിന്റെ വികസനം ലക്ഷ്യമിടുന്നത്.
ആശുപത്രി സൗകര്യം വർദ്ധിപ്പിക്കുന്നതിനായി ബഹുനില കെട്ടിട മടക്കമുള്ള വികസനമാണ് അധികൃതരുടെ മുന്നിലുള്ളത്. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ വികസന പക്കേജ് സെക്രട്ടറി ഇ.പി രാജ് മോഹൻ തുടങ്ങിയവർ സംബന്ധിച്ച യോഗത്തിലാണ് തീരുമാനം.
ഒളവറ, കുറ്റിച്ചി, ഉടുമ്പുന്തല, കൈക്കോട്ടുകടവ്, തെക്കുമ്പാട് തുടങ്ങിയ പ്രദേശങ്ങളോടൊപ്പം വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാൽ, ഇടയിലക്കാട് എന്നീ ദ്വീപു നിവാസികൾക്കും ഏറെ ആശ്വാസകരമാണ് ഇന്ന് ഉടുമ്പുന്തല ഫാമിലി ഹെൽത്ത് സെൻറർ. ദിവസേന നൂറുക്കണക്കിന് രോഗികൾ എത്തിച്ചേരുന്ന ഇവിടെ 17-18 വർഷത്തിൽ പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും ഫിസിയോ തെറാപ്പി സെന്ററിന്നുള്ള സൗകര്യവും തുടർന്ന് ലബോറട്ടറി സൗകര്യവും പണിതു നൽകി. തൃക്കരിപ്പൂർ നിയോജക മണ്ഡലം എം.എൽ.എ, എം രാജഗോപാലന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള ധനസഹായവും തൃക്കരിപ്പൂർ പഞ്ചായത്തിന്റെ വികസന ഫണ്ടും ഈ ആശുപത്രിയുടെ വികസനത്തിന് മുതൽക്കൂട്ടായിട്ടുണ്ട്.