കണ്ണൂർ: തൊഴിലാളികൾക്ക് കൂലിയില്ല, ഉത്പന്നങ്ങൾക്ക് വിപണിയില്ല, തേങ്ങയും കശുവണ്ടിയും നശിച്ച് തീരുന്നു. കഴിഞ്ഞ കുറെക്കാലമായി ആരും തിരിഞ്ഞു നോക്കാതെ അനാഥമായിരുന്നു ആറളം ഫാം. നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന ആറളം ഫാമിനെ സംരക്ഷിക്കാനുള്ള ഒറ്റുമൂലി സർക്കാരിൽ നിന്നുണ്ടാകുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്.
ഫാമിൽ കാർഷിക സർവ്വകലാശാലയുടെ നേതൃത്വത്തിൽ നടന്ന ശിൽപ്പശാലയുടെ ഭാഗമായി തയ്യാറാക്കിയ വൈവിദ്ധ്യവത്കരണ പദ്ധതി ഇന്നലെ സർക്കാരിന് സമർപ്പിച്ചു. തെങ്ങ് കൃഷിക്ക് ഏറെ പേരു കേട്ടതാണ് ആറളം ഫാം. എന്നാൽ തെങ്ങിൻ തൈയുടെ വിപണനം പലപ്പോഴും കൂമ്പടഞ്ഞ അവസ്ഥയാണ്. ഹ്രസ്വ, മധ്യ, ദീർഘകാല പദ്ധതികൾ വഴി ഫാമിലെ 3500ലധികം ഏക്കറിൽ കൃഷി, മൂല്യവർധിത ഉത്പന്ന നിർമാണ വിപണനം, ഫാം ടൂറിസം, വൻകിട വിത്ത‌് - തൈ വിൽപ്പന നേഴ‌്സറി, നേഴ‌്സറിക്കാവശ്യമായ മാതൃവൃക്ഷത്തോട്ടം എന്നീ പദ്ധതികളാണ‌് ആദ്യ പദ്ധതിയിൽ. കാർഷിക മേഖലയിൽ നവീന യന്ത്രവൽക്കരണ പദ്ധതി, വിദേശികൾക്കടക്കം ഫാമിൽ താമസിച്ച‌് ഹ്രസ്വ, മധ്യകാല കൃഷികൾ സ്വയം ചെയ‌്ത‌് വിളവെടുക്കാനുള്ള വിനോദ സഞ്ചാരാധിഷ്ടിത കാർഷിക പ്രവർത്തനം എന്നിവയും വൈവിധ്യവത്കരണ ഭാഗമായി നടപ്പാക്കും.
നിലവിൽ
ജീവനക്കാർ- 420
ഒരു മാസം ശമ്പളത്തിനായി -60 ലക്ഷം
വരുമാനം ഒരു വർഷം- 8 കോടി
നിർദ്ദേശങ്ങൾ ഇവ
1.തെങ്ങിൻ തൈ വിപുലമായ തോതിൽ ബ്രാൻഡ് ചെയ്യും
2. ഫാമിന്റെ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി ഇരിട്ടിയിൽ ഷോറൂം തുടങ്ങും
3.ഒമ്പത് ചെക്ക് ഡാം നിലവിലുള്ള ഫാമിൽ അടുത്ത മാസത്തോടെ മത്സ്യ കൃഷി തുടങ്ങും
4.കുരുമുളക് കൃഷിക്ക് പുറമെ മറ്റു സുഗന്ധ വിളകളും കൃഷി ചെയ്യും
5. കൃഷിചെയ്യാത്ത സ്ഥലം ആധുനിക കൃഷിക്ക‌് ഉപയോഗപ്പെടുത്തും
6.ജൈവ കൃഷിയുത്പന്നങ്ങൾ ശേഖരിച്ച‌് വിൽക്കാൻ ക്രമീകരണം
വരുന്നു ഫാം ടൂറിസവും
വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി ആറളം വന്യമൃഗസങ്കേതവുമായി സഹകരിച്ച് ഫാം ടൂറിസം തുടങ്ങാൻ ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി ബോട്ട‌് സർവീസാരംഭിക്കാനും നിർദേശമുണ്ട്. രണ്ടരക്കോടിയാണ‌് ഫാം ടൂറിസം പദ്ധതി നടത്തിപ്പിന‌് ഉദ്ദേശിക്കുന്നത‌്. വിപുലമായ മഴവെള്ള സംഭരണി ഫാമിൽ ക്രമീകരിക്കാനും നിർദേശമുണ്ട‌്.
ബൈറ്റ്
രണ്ട് വർഷത്തിനകം ഫാമിനെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതോടൊപ്പം ലാഭത്തിലാക്കാനുതകുന്ന പദ്ധതി പ്രവർത്തനങ്ങളാണ് നടത്താൻ പോകുന്നത്. ഫാമിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യം
-എസ്. വിമൽഘോഷ്
എം.ഡി , ആറളംഫാം