കണ്ണൂർ: കൊച്ചിയിലെ അമൃത ആശുപത്രി വരാന്തയിൽ നിന്ന് അമ്മയുടെ ജീവൻ രക്ഷിക്കാൻ സഹായമഭ്യർത്ഥിച്ച് കഴിഞ്ഞ മാസം സമൂഹമാദ്ധ്യമങ്ങളിൽ വേദനയോടെ വിലപിച്ച തളിപ്പറമ്പ് ചുടല സ്വദേശി വർഷ സഹായിച്ചവർ തന്റെ പണം തട്ടിയെടുക്കാൻ നോക്കുന്നുവെന്നും തന്റെ ജീവനു ഭീഷണിയുണ്ടെന്നും ആരോപിച്ച് രംഗത്ത്. കഴിഞ്ഞ ദിവസം മുതലാണ് വർഷയുടെ ആരോപണം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.
എന്നാൽ കിട്ടിയ തുക ആവശ്യം കഴിഞ്ഞ് ഇതുപോലെ പണമില്ലാതെ കഴിയുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാൻ കൂടി നൽകണമെന്ന തങ്ങൾ പറഞ്ഞതാണ് ഭീഷണിയായി ചീത്രീകരിക്കുന്നതെന്നും നേരത്തെ വർഷയ്ക്കു വേണ്ടി രംഗത്തുവന്ന ചാരിറ്റി പ്രവർത്തകർ പറയുന്നു. സുഖവിവരം അന്വേഷിച്ചുപോയ ചാരിറ്റി പ്രവർത്തകരെ വീട്ടിൽ നിന്നു വർഷയുടെ സഹായത്തോടെ അയൽക്കാർ ഇറക്കിവിട്ടുവെന്നും അവർ പറയുന്നു. ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും വീട് നിർമ്മാണത്തിനും വേണ്ടുന്ന തുക കഴിച്ച് ബാക്കി തിരിച്ചു നൽകുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും എന്നാൽ ഈ വാക്ക് വർഷ പാലിച്ചില്ലെന്നുമാണ് അവർ ഫേസ് ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നത്.
അമ്മയുടെ വൃക്കമാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട് ഒന്നേകാൽ കോടി സഹായധനം ലഭിച്ചുവെന്നാണ് വിവരം. അന്ന് സഹായിക്കാൻ ഒപ്പം നിന്നവർ ഇന്ന് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു പറഞ്ഞാണ് വർഷ പൊട്ടിക്കരയുന്നത്.
ഫോണിൽ വിളിച്ച് ഒട്ടേറെ പേർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവനോടെ മടങ്ങിപ്പോകാൻ കഴിയുമെന്ന കാര്യം ഉറപ്പില്ലെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് വർഷ പറയുന്നു.
സമൂഹമാധ്യമങ്ങൾ വഴി ജീവകാരുണ്യ പ്രവർത്തനം നടത്തിവരുന്ന ചിലരുടെ പേരെടുത്ത് പറഞ്ഞാണ് വർഷ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇനിയും മൂന്നുമാസത്തോളം കൊച്ചിയിൽ തന്നെ തുടരേണ്ട അവസ്ഥയിലാണ് വർഷ. അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു കഴിഞ്ഞ് ബാക്കി വരുന്ന പണം നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമ്മതിക്കുന്നില്ലെന്ന് വർഷ പറയുന്നു.
ഇതേ ആശുപത്രിയിൽ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം തനിക്ക് ലഭിച്ച പണത്തിൽ നിന്നും വർഷ നൽകിയിരുന്നു. ആ കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നെന്നും വർഷ പറയുന്നു.
ഇനിയും ഒരുപാട് പണം അമ്മയുടെ ചികിത്സയ്ക്കും മരുന്നിനും വേണം. ഈ അവസരത്തിലാണ് ലഭിച്ച പണം അവർ പറയുന്നവർക്ക് നൽകണം എന്നു പറഞ്ഞ് ഒരുകൂട്ടർ എത്തുന്നതെന്നും വർഷ കുറ്റപ്പെടുത്തുന്നു.