കണ്ണൂർ: പ്ലസ് ടു പരീക്ഷയിൽ കൊവിഡ് പശ്ചാത്തലത്തിലും മികച്ച വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ജില്ലാ പഞ്ചായത്ത് അഭിനന്ദനങ്ങൾ അറിയിച്ചു. പരീക്ഷ എഴുതിയ 30308 കുട്ടികളിൽ 26493 പേർ ഉപരിപഠനത്തിന് അർഹരായി. ഈ വർഷം 87.41 ശതമാനമാണ് വിജയം. ഈ വർഷം മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത് 1634 പേരാണ്. കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട വിജയമാണ് ഇത്തവണ നേടിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി ബി പോസിറ്റീവ്, വിദ്യാഭ്യാസ ശിൽപശാലകൾ തുടങ്ങിയ പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടപ്പിലാക്കിയതും ഈ മുന്നേറ്റത്തിന് സഹായകരമായി. സ്‌കൂൾ കൗൺസിലർമാരുടെ സേവനവും ജില്ലയിലെ അദ്ധ്യാപകരുടെ പിന്തുണയും പദ്ധതിയുടെ വിജയത്തിന് സഹായകരമായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് ഇതിനായി പ്രത്യേക ചുമതലയും നൽകിയിരുന്നു.
പ്ലസ് ടു ഫലം മെച്ചപ്പെടുത്തുന്നതിന് കൂട്ടായി പ്രവർത്തിച്ച വിദ്യാഭ്യാസ വകുപ്പ്, അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കും ജില്ലാ പഞ്ചായത്ത് അഭിനന്ദനങ്ങൾ അറിയിച്ചു.
ഓപൺ സ്‌കൂൾ ആയി പരീക്ഷയെഴുതിയവരിൽ 54.33 ശതമാനം വിദ്യാർത്ഥികളും വിജയം നേടി. 157 പരീക്ഷാ കേന്ദ്രങ്ങളിലായി സ്‌കൂൾ ഗോയിംഗ് റെഗുലർ വിഭാഗത്തിലായി 32594 പേരാണ് പരീക്ഷയെഴുതിയത്. ഇതിൽ 27735 വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി. ഓപ്പൺ സ്‌കൂളായി 2361 പേർ രജിസ്റ്റർ ചെയ്തതിൽ 2286 പേർ പരീക്ഷയെഴുതിയിട്ടുണ്ട്. ഇതിൽ 1242 പേരാണ് ഉപരിപഠനത്തിന് അർഹരായത്. മൂന്ന് പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.