കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ ചീട്ടുകളി സംഘം ഹൊസ്ദുർഗ് പൊലീസിന്റെ പിടിയിൽ. ബുധനാഴ്ച പുലർച്ചെ നടത്തിയ റെയ്ഡിൽ 12പേർ കുടുങ്ങി. കളിക്കളത്തിൽ നിന്ന് 1.72 ലക്ഷം രൂപയും പിടിച്ചെടുത്തു. മടിക്കൈ മുണ്ടോട്ടെ പാലത്തിന്റ സമീപത്തെ റബ്ബർ തോട്ടത്തിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലായിരുന്നു കളി. പുലർച്ചെ രണ്ടു മണിയോടെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി വിനോദിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് നാടകീയമായി ചീട്ടുകളി പിടികൂടിയത്.

മാങ്ങാട്ടെ റഷീദ്, മുണ്ടോട്ടെ എം. പ്രജീപൻ ,ഞാണിക്കടവിലെ സി. അമീർ , മാണിക്കോത്തെ ടി. അഷ്രഫ്, ചതുരക്കിണറിലെ കെ. അഖിൽ , കെ. അനൂപ് , രാവണേശ്വരത്തെ ഷമീർ, കൂളിയങ്കാൽ ഇസ്മാൽ ടി.പി. റഷീദ് , നൗഷാദ് , കോളിയടുക്കത്തെ കബിലാൽ , അതിഞ്ഞാലിലെ അഷ്രഫ് ,അടുക്കത്ത് പറമ്പ് കെ. അഭിലാഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 1,72,000 രൂപയും കളിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു.

അടുക്കത്ത് പറമ്പത്ത് സ്വദേശി അഭിലാഷാണ് തലവനെന്ന് പൊലീസ് പറഞ്ഞു. കളിക്കാൻ സൗകര്യം ഒരുക്കി കൊടുത്താൽ 500 രൂപയാണ് ഒരാളിൽ നിന്ന് ഇയാൾക്ക് കിട്ടുക. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ക്രൈംസ്‌ക്വാഡ് ദിവസങ്ങളോളം ഈ സംഘത്തെ നിരീക്ഷിച്ചിരുന്നു. ഓപ്പറേഷൻ പുലർച്ചെ രണ്ട് മണിവരെ നീണ്ടു. ഇൻസ്‌പെക്ടർ ഷൈനിന് പുറമെ എസ്.ഐ ഉണ്ണികൃഷ്ണൻ , ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കെ. പ്രഭേഷ് കുമാർ , ഗിരീഷ്‌കുമാർ നമ്പ്യാർ, സിവിൽ പൊലീസ് ഓഫീസർ വിനയൻ, ഡ്രൈവർ അഭിലാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പൊലീസിനെ കബളിപ്പിക്കാൻ കേന്ദ്രങ്ങൾ മാറിമാറി

മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് പൊലീസ് കെട്ടിടം വളഞ്ഞ് സംഘത്തെ പിടികൂടിയത്. പ്രധാന റോഡിൽ നിന്നും റബ്ബർ തോട്ടത്തിൽ ഏറെ അകലെ ഒറ്റപ്പെട്ടു നിൽക്കുന്ന കെട്ടിടമാണ് കളിക്കാർ ഉപേയാഗിച്ചത്. വർഷങ്ങളായി ഇവർ പൊലീസിനെ കബളിപ്പിച്ച് ചീട്ടുകളി തുടരുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ചീട്ടു കളിക്കാൻ എത്തുന്ന സംഘം രാത്രികാലങ്ങളിൽ പടന്നക്കാട് മേൽപ്പാലം കേന്ദ്രീകരിച്ച ശേഷമാണ് കളിക്കാനുള്ള സ്ഥലം നിശ്ചിയിക്കുന്നത്. ഒരോ ദിവസവും ഓരോ സ്ഥലത്തു വെച്ചാണ് കളി നടക്കുന്നതെന്നതിനാൽ പിടികൂടാനാവില്ല.