കാസർകോട്: സമ്പർക്കത്തിലൂടെ കൊവിഡ് പടരുകയും ഉറവിടം കണ്ടെത്താൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉടമകൾക്കും ജീവനക്കാർക്കും നഷ്ടപരിഹാരം നൽകി ബസ് സർവ്വീസ് നിർത്തിവെക്കാൻ സർക്കാർ ഉത്തരവിടണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ കാസർകോട് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
ഡ്രൈവർ ക്യാബിൻ വേർതിരിച്ച് മാത്രമേ ജൂലായ്15 നുശേഷം സംസ്ഥാനത്ത് ബസ് സർവ്വീസുകൾ നടത്താൻ പാടുള്ളൂവെന്ന ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഉത്തരവ് അപ്രായോഗികമാണ്. യാത്രക്കാരുമായി ഏറ്റവും അധികം ഇടപഴകി ജോലിചെയ്യേണ്ടിവരുന്ന കണ്ടക്ടറുടെയും ക്ലീനറുടെയും സുരക്ഷ ക്യാബിൻ വേർതിരിക്കുന്നതിലൂടെ ഉറപ്പുവരുത്താൻ സാധിക്കില്ലെന്നും മുഴുവൻ ജീവനക്കാരെയും ഫേസ് മാസ്‌ക് ഉപയോഗിച്ച് ജോലിചെയ്യാൻ അനുവദിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് കെ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സത്യൻ പൂച്ചക്കാട്, വൈസ് പ്രസിഡന്റ് എം. ഹസൈനാർ, ട്രഷറർ മുഹമ്മദ് കുഞ്ഞി.പി.എ, സെൻട്രൽ കമ്മിറ്റി അംഗം സി.എ. മുഹമ്മദ്കുഞ്ഞി, ജോയിന്റ് സെക്രട്ടറിമാരായ ശങ്കര നായക്, ടി. ലക്ഷ്മണൻ, കാസർകോട് താലൂക്ക് പ്രസിഡന്റ് എൻ.എം.ഹസൈനാർ എന്നിവർ പ്രസംഗിച്ചു.